അധ്യാപക-രക്ഷകര്‍തൃ സമൂഹത്തില്‍ നിന്നും ക്രിയാത്മക സമീപനമുണ്ടാകണം

post

കൊല്ലം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2021 ജനുവരി ഒന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ  പ്രവര്‍ത്തനങ്ങളെ  അധ്യാപക-രക്ഷകര്‍തൃ സമൂഹം ക്രിയാത്മകമായി സമീപിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. സ്‌കൂളുകളില്‍ നടക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.

വരാനിരിക്കുന്ന എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകള്‍ക്കുള്ള തയാറെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും കലക്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗുകളും യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അനുകൂല അന്തരീക്ഷവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നതുള്‍പ്പടെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും അണുനശീകരണവും പുരോഗമിക്കുകയാണ്. എസ് എസ് എല്‍ സി, പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കായി കോവിഡ് മാനദണ്ഡം പാലിച്ച് രണ്ട് ഷിഫ്റ്റുകളിലായി  സംശയ നിവാരണത്തിനും പ്രായോഗിക പരിശീലനത്തിനും പ്രാമുഖ്യം നല്‍കിയാണ് ക്ലാസുകള്‍ നടക്കുക. എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡ പാലനം നിരീക്ഷിക്കാന്‍ പ്രത്യേക  സമിതികള്‍ പ്രവര്‍ത്തിക്കും. രക്ഷകര്‍ത്താവിന്റെ സമ്മതപത്രവുമായി വേണം ഓരോ വിദ്യാര്‍ഥിയും സ്‌കൂളില്‍ എത്തേണ്ടത്. സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുത്തിട്ടുള്ളതും കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് വരുന്നവരുമായ അധ്യാപകര്‍ ജനുവരി ഒന്നിന് മുന്‍പ് കോവിഡ് പരിശോധന നടത്തേണ്ടതാണ്. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവികളായ ടി നാരായണന്‍, ആര്‍ ഇളങ്കോ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.