കൊല്ലം ജൈവവൈവിധ്യ സർക്യൂട്ട് 2026-ൽ നാടിന് സമർപ്പിക്കും; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

post

ആശ്രാമത്തെ പുനര്‍ജനി പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര രംഗത്ത് ജില്ലയുടെ അഭിമാന പദ്ധതിയായ ജൈവവൈവിധ്യ സര്‍ക്യൂട്ട് 2026 പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് സന്ദർശന വേളയിൽ മന്ത്രി വ്യക്തമാക്കി.

ജൈവവൈവിധ്യ പാര്‍ക്ക്, മെറീന, തടാക കേന്ദ്രങ്ങള്‍, ജൈവവൈവിധ്യ പാത എന്നിവ ഇതിന്റെ ഭാഗമാണ്. കൊട്ടാരക്കര സര്‍ക്യൂട്ടിന്റെ ഭാഗമായ മുട്ടറ- മരുതിമലയില്‍ നിര്‍മാണം തുടങ്ങി. കൊല്ലം, തെ•ല എന്നിവയാണ് മറ്റു സര്‍ക്യൂട്ടുകള്‍. നിലവിലെ സൗകര്യങ്ങള്‍ പരിഷ്‌കരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. മണ്‍ട്രോതുരുത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളും വികസിപ്പിക്കും.


കൊട്ടാരക്കര സര്‍ക്യൂട്ടില്‍ മലകയറ്റ പരിശീലന കേന്ദ്രം സ്ഥാപിക്കും. അഷ്ടമുടി, മണ്‍ട്രോത്തുരുത്ത്, മീന്‍പിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വികസനം സാധ്യമാക്കും. അഷ്ടമുടി കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അഷ്ടമുടി കായലിലെ എട്ടുമുടികളും പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിന് മ്യൂസിയം മാതൃകയില്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ തുടങ്ങും. ഡിജിറ്റലായും വിവരങ്ങള്‍ നല്‍കും. ലിങ്ക് റോഡിലുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക. കൂടുതല്‍ ഹൗസ് ബോട്ടുകള്‍ അടുക്കുന്നതിന് ലിങ്ക് റോഡിനോട് ചേര്‍ന്ന് മറീന വികസിപ്പിക്കും. ദേശീയ ജലപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ഹൗസ് ബോട്ടുകള്‍ എത്തുന്നത് മറീന വികസനത്തിന് മുതല്‍കൂട്ടാവും. അഷ്ടമുടി കായലില്‍ 100 ഇരിപ്പിടങ്ങളോടുകൂടിയ ഫ്ളോട്ടിംഗ് റസ്റ്റോറന്റും ആരംഭിക്കും. ലിങ്ക് റോഡിന്റെ സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ജൈവവൈവിധ്യ നടപ്പാതയും ഒരുക്കും. സാഹസിക പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കും. വി-പാര്‍ക്ക് പോലെ പൊതുയിടങ്ങളെ പ്രയോജനകരമായ രീതിയില്‍ മാറ്റുന്ന ഇടപെടലുകള്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി ജഗദീഷ്, കെ.ടി.ഐ.എല്‍ എം.ഡി ഡോ. മനോജ്കിനി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ഷാനവാസ്, പ്രോജക്ട് എഞ്ചിനീയര്‍ എസ്. ഷമീറ, ആര്‍ക്കിടെക്ട് ആര്‍.എസ്. അഭിലാഷ്, ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവന്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.