മൺട്രോതുരുത്ത് ടൂറിസം വികസനം: പെരുമൺ പാലം നിർമ്മാണം മന്ത്രി വിലയിരുത്തി

post

മണ്‍ട്രോതുരുത്ത് വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി പെരുമണ്‍ പാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി.

പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 435 മീറ്റര്‍ നീളമുള്ള പാലം നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. 13 സ്പാനുകളുള്ള പെരുമണ്‍ പാലത്തിന്റെ 10 സ്പാനുകളുടെ  നിര്‍മാണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയുടെ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒമ്പത് ദ്വീപുകളുള്ള മണ്‍ട്രോതുരുത്തിന്റെ സൗന്ദര്യം ലോകത്തിന് മുമ്പില്‍ പുതിയരീതിയില്‍ അവതരിപ്പിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലും വിദേശികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വികസനമാണ് കൊണ്ടുവരുന്നത്. ജില്ലയുടെ ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് പെരുമണ്‍ പാലമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയുടെ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തും. ജൈവവൈവിധ്യ സര്‍ക്യൂട്ട് യാഥാര്‍ഥ്യമാകുമ്പോള്‍ കായലും കടലും മലയോരവും നിറഞ്ഞ ഭംഗിയേറിയ തുറമുഖ നഗരമായ കൊല്ലത്തിന്റെ മുഖം അടിമുടി മാറും. ട്രക്കിംഗ് സാധ്യതകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി മലകയറ്റ പരിശീലനം കൊട്ടാരക്കരയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ബ്രേക്ക് വാട്ടര്‍ ടൂറിസം, സാഹസിക സ്പോട്ട് ടൂറിസം, ജൈവവൈവിധ്യം എന്നിവയെല്ലാം ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര വികസനമായിരിക്കും ജില്ലയില്‍ സാധ്യമാക്കാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൗസ് ബോട്ടില്‍ മണ്‍ട്രോതുരുത്ത് സന്ദര്‍ശിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി ജഗദീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാനവാസ് ഖാന്‍, ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവന്‍, കെ.ആര്‍.എഫ്.ബി ടീം ലീഡര്‍ പി ആര്‍ മഞ്ജുഷ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.