കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ ഒമ്പത് സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചു

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒന്‍പത് സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും (സംസ്‌കരണ സംവിധാനം) സ്ഥാപിച്ചു. വ്യക്തിശുചിത്വത്തിന് സംവിധാനമെന്നതിനൊപ്പം ഉപയോഗശേഷമുള്ള സംസ്‌കരണം പരിസ്ഥിതിസൗഹാര്‍ദമായി നിര്‍വഹിക്കുന്നതിനുമാണ് അവസരം ഒരുക്കിയത്.
കരീപ്ര, എഴുകോണ്‍, വെളിയം ഗ്രാമപഞ്ചായത്തുകളിലെ ഒന്‍പത് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. ജി.എച്ച്.എസ്.എസ് വാക്കനാട്, ടി.വി തോമസ് എം.എച്ച്.എസ്.എസ് വെളിയം, ടി.എച്ച്.എസ് അറുപറക്കോണം, സര്‍ക്കാര്‍ എച്ച്.എസ്.എസ് മുട്ടറ, വി.എസ്.വി എച്ച്.എസ്.എസ് എഴുകോണ്‍, കെ.ആര്‍.ജി.ബി.എം.വി എച്ച്.എസ് ആന്‍ഡ് എച്ച്.എസ്.എസ് ഓടനാവട്ടം, എസ്.എം എച്ച്.എസ്.എസ് കൊട്ടറ, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് ചൊവ്വള്ളൂര്‍, എ ഇ പി.എം എച്ച്.എസ്.എസ് ഇരുമ്പനങ്ങാട് എന്നീ സ്‌കൂളുകളില്‍ സംവിധാനം ഏര്‍പ്പെടുത്തി. എസ്.എം എച്ച്.എസ്.എസ് കൊട്ടറയില്‍ 810 വിദ്യാര്‍ഥിനികളുള്ളത് പരിഗണിച്ച് രണ്ട് വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിച്ചു.
നാപ്കിനുകള്‍ സൂക്ഷിക്കാനുള്ള അലമാരകളും പദ്ധതിവഴി വിതരണം ചെയ്തു. ഒന്‍പത് സ്‌കൂളുകളിലായി 17 അലമാരകളാണ് നല്‍കിയത്. ഇതിനായി 2,31,880 രൂപയാണ് ചിലവഴിച്ചത്. 9,54,782 രൂപ ചിലവില്‍ 37,664 പാഡുകളാണ് വാങ്ങിനല്‍കിയത്. 10 സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ക്കായി 2,43,690 രൂപയും 13 ഇന്‍സിനറേറ്ററുകള്‍ക്കായി 6,48,280 രൂപയുമുള്‍പ്പെടെ 21 ലക്ഷം രൂപയാണ് വകയിരുത്തിയത്.
സൗജന്യമായാണ് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്നത്. വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പദ്ധതിയുടെതുടക്കം. സ്‌കൂള്‍കുട്ടികളിലെ ആര്‍ത്തവശുചിത്വം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുംവിധമാണ് പദ്ധതി നടപ്പിലാക്കുന്നത്. മെഷീന്‍ സ്ഥാപിച്ചതും മേല്‍നോട്ട ചുമതലയും വനിതാ വികസന കോര്‍പ്പറേഷനാണ് നിര്‍വഹിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് പറഞ്ഞു.