ആതുരസേവനത്തിന് വരുമാനം; കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മാതൃകാപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും

post

ആതുരസേവനത്തിന് വരുമാനംകൂടി ഉറപ്പാക്കിയുള്ള പരിശീലനം നല്‍കുന്ന കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഇനി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കും. മാലാഖകൂട്ടം മാതൃകാപദ്ധതിയുടെ തുടര്‍ച്ചയാണ് കേരളമാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ വ്യക്തമാക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിനിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചതായും അറിയിച്ചു.

ആതുരസേവനരംഗത്ത് മികച്ച പ്രഫഷണലുകളെ സൃഷ്ടിക്കാനും വിദേശത്തും സ്വദേശത്തും ലഭ്യമായ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.  പട്ടികജാതി, പൊതുവിഭാഗത്തില്‍പെട്ട നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌റ്റൈപന്റോടെ അപ്രന്റിഷിപ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്.    

ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ ബി.എസ്.സി. നഴ്‌സിംഗ്/ജനറല്‍നഴ്‌സിംഗ് യോഗ്യതയുള്ള കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതിവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായാണ് തുടക്കം. 2022-23 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതിവികസന ഫണ്ടില്‍നിന്നും ഒന്നരക്കോടി രൂപ വകയിരുത്തി 100 പേര്‍ക്ക് ജില്ലയിലെ വിവിധ ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കി. ജനറല്‍ നഴ്‌സിംഗ് പാസായവര്‍ക്ക് പ്രതിമാസം 12,500 രൂപയും ബി.എസ്.സി നഴ്‌സിംഗ് പാസായവര്‍ക്ക് 15,000 രൂപയുമായിരുന്നു സ്‌റ്റൈപന്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കൂടുതല്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാനും കഴിഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം.

അടുത്തഘട്ടമായി ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടില്‍നിന്നും 82 ലക്ഷം രൂപ വകയിരുത്തി പൊതുവിഭാഗത്തില്‍പ്പെട്ട 100 നഴ്‌സുമാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന നിയമനം നല്‍കി.

ഈ വര്‍ഷം (2025-26) 50 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്. പുതിയ ബാച്ചിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനം സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാകും. നടപ്പ് സാമ്പത്തിക വര്‍ഷവും പൊതുവിഭാഗത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാരാമെഡിക്കല്‍ കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപ്രന്റിസ്ഷിപ്പ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുന്ന പദ്ധതിയായ ‘പാരാടെക്' ആരോഗ്യമേഖലയിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനായി. 2022-23 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വാര്‍ഷികവരുമാനം രണ്ട് ലക്ഷത്തില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. ഇതുവരെ 50 പേര്‍ക്ക് നിയമനം ലഭിച്ചു. 8,000 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. ഈ സാമ്പത്തിക വര്‍ഷവും (2025-2026) പദ്ധതിക്കായി നിശ്ചിത തുക വകയിരുത്തിയിട്ടുണ്ട്.

എല്ലാ ആരോഗ്യസ്ഥാപനങ്ങളിലേക്കും കൂടുതല്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും വരുമാനംലഭ്യമാക്കാനും പദ്ധതി പ്രയോജനകരമായി. കോവിഡിന്റെപശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങും ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലും ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തിപരിചയം, ജില്ലാ പഞ്ചായത്ത് നല്‍കുന്ന അപ്രന്റിഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ വിദേശരാജ്യങ്ങളിലും തൊഴിലിനുള്ള യോഗ്യതയായി കണക്കാക്കപ്പെട്ടത് പദ്ധതിയുടെ മികവിന് സാക്ഷ്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓര്‍മിപ്പിച്ചു.