ശാസ്താംകോട്ടയില്‍ പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്റെ സബ് ഓഫീസ് തുറന്നു

ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന പട്ടികജാതി/ വര്‍ഗ വികസന കോര്‍പറേഷന്റെ സബ് ഓഫീസ് പട്ടികജാതി /വര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സാമൂഹിക മാറ്റത്തിനൊപ്പം പട്ടികജാതി/ വര്‍ഗ സമൂഹത്തെയും ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനുള്ള സൗകര്യമൊരുക്കി. ഓരോ വിദ്യാര്‍ഥിക്കും 25 ലക്ഷം രൂപയാണ് നല്‍കിയത്. ആരോഗ്യ വകുപ്പില്‍ 340 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കി. പോലീസ്, എക്സൈസ്, വനം വകുപ്പുകളില്‍ പ്രത്യേക നിയമനവും.
115 വിദ്യാര്‍ഥികള്‍ക്ക് ഏവിയേഷന്‍ മേഖലയില്‍ പരിശീലനം നല്‍കി പ്ലേസ്മെന്റും ഉറപ്പാക്കി. തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ച 60 പേര്‍ക്ക് ജോലികിട്ടി. സിവില്‍ സര്‍വീസ്, മറ്റ് സര്‍ക്കാര്‍ പരീക്ഷകള്‍, പ്രഫഷണല്‍ തൊഴില്‍മേഖലകള്‍ എന്നിവയില്‍ ജോലി ഉറപ്പാക്കുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, വയോജന കമ്മീഷന്‍ ചെയര്‍പേഴ്സണും മുന്‍ എം.പിയുമായ കെ. സോമപ്രസാദ് എന്നിവര്‍ വായ്പ വിതരണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ ഗീത, എസ് കെ ശ്രീജ, ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ അനില്‍ എസ് കല്ലേലിഭാഗം, സംസ്ഥാന പട്ടികജാതി/ വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ.ഷാജു, മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.