ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

post

കോഴിക്കോട്:  അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഒരു തീവ്രന്യൂനമര്‍ദമായി മാറിയിരിക്കുന്നു. സിസ്റ്റത്തിനകത്തെ പരമാവധി കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60 വരെ) വരെയുള്ള സിസ്റ്റങ്ങളെയാണ് തീവ്രന്യൂനമര്‍ദം എന്ന ഗണത്തില്‍ പെടുത്തുന്നത്.

തീവ്രന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ തിരിച്ചുവരണമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്്.

ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. ആയതിനാല്‍ യാതൊരു കാരണവശാലും ആരെയും കടലില്‍ പോകരുത്; തീവ്രന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.

ശക്തമായ കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയ്ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇലെക്ട്രിക്ക് കമ്പികള്‍  പൊട്ടിവീഴാന്‍  സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും പ്രത്യേകം ഈ കാര്യത്തില്‍ ശ്രദ്ധിക്കുക.

മലയോരമേഖലയിലേക്കുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതല്ലാത്ത വൈകീട്ട് 6 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള യാത്ര മാറ്റി വയ്ക്കണം. വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ആളുകള്‍ ഇറങ്ങരുത്.