വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി
വിവരം നൽകാൻ ആര് തടസ്സം നിന്നാലും നടപടി വിവരാവകാശ കമ്മീഷണർ
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി. വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നാലും വിവരം നൽകുന്നതിന് വിലക്കേർപ്പെടുത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയൽ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസർക്കാണ്. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
എസ് ബി സജിത്ത് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരങ്ങൾ നൽകാൻ വയനാട് ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുടെ കാര്യാലയത്തിലെ പൊതുവിവരാവകാശ ഓഫീസറോട് നിർദേശിച്ചു. മലയാളം സർവകലാശാലയിലെ പി എച്ച് ഡി പ്രവേശത്തിനായി നടത്തിയ ഇന്റർവ്യൂവിന് ശേഷം തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പ് ആവശ്യപ്പെട്ട് ശ്രീനാഥ് എന്നയാൾ നൽകിയ അപേക്ഷയിൽ രേഖകളുടെ പകർപ്പുകൾ നൽകണമെന്നും നിർദേശം നൽകി.

ഒരു സൊസൈറ്റിയുടെ ബൈലോയുടെ പകർപ്പ് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫീസിൽ ജ്യോതി പവിത്രൻ സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് കാണാനില്ലെന്ന മറുപടിയാണ് നൽകിയത്. ഇത് കമ്മീഷൻ അംഗീകരിച്ചില്ല. ഒരു ടീമിനെ വെച്ച് തിരച്ചിൽ നടത്തി ബൈലോ കണ്ടെത്തി പകർപ്പ് നൽകണം. മാനന്തവാടിയിൽ കടുവ ആക്രമിച്ച് സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ ഇനി വല്ല വിവരവും നൽകാനുണ്ടെങ്കിൽ അത് ഉടൻ നൽകണമെന്ന് മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവരാവകാശ ഓഫീസർക്ക് കമ്മീഷണർ നിർദേശം നൽകി.









