നവമാധ്യമങ്ങൾ കർശനനിരീക്ഷണത്തിൽ

post

മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന മീഡിയ റിലേഷൻസ് കമ്മിറ്റിയോഗത്തിൽ അധ്യക്ഷനായ ജില്ലാ കളക്ടർ പെരുമാറ്റചട്ടലംഘനം സ്ഥാനാർഥികളുടെ അയോഗ്യതയ്ക്ക് ഇടയാക്കുമെന്ന് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ ആധുനികശാസ്ത്രസാങ്കേതികവിദ്യയിലൂടെ അപകീർത്തികരവും ചട്ടവിരുദ്ധവുമായ ഒന്നും പ്രചരിപ്പിക്കരുത്. നിർമിതബുദ്ധിയിലൂടെ തീർക്കുന്ന പ്രചാരണങ്ങളിൽ വ്യക്തികളുടെ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പരാതികൾ ഉയർന്നാൽ സൈബർ പൊലിസിന് കൈമാറി തെളിവെടുപ്പ് നടത്തി കർശന നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.

യോഗത്തിൽ പങ്കെടുത്ത പൊതുനിരീക്ഷകൻ സബിൻ സമീദ് വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളെല്ലാം പ്രത്യേകനിരീക്ഷണത്തിന് വിധേയമാക്കണമെന്ന് നിർദേശിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യർഥിച്ചു.

സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, അംഗങ്ങളായ ഐ ആന്റ് പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, കെ. രാജൻ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസർ എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു.


ചട്ടങ്ങൾപാലിച്ചുള്ള തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകർ രംഗത്ത്

തിരഞ്ഞെടുപ്പ്ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊതുനിരീക്ഷകനും ചെലവ്‌നിരീക്ഷകരും കർമനിരതം. തിരഞ്ഞെടുപ്പ്‌നടത്തിപ്പിന്റെ നിരീക്ഷണവും മേൽനോട്ടവുമാണ് പൊതുനിരീക്ഷകന്റെ ചുമതല. ഇതിനായി നിയോജകമണ്ഡലങ്ങൾ സന്ദർശിക്കും. പരിശോധനാ വിഷയങ്ങൾ സംബന്ധിച്ച പദ്ധതി തയ്യാറാക്കിയാണ് സന്ദർശനം. മാതൃകാപെരുമാറ്റചട്ടം നടപ്പിലാക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും സന്ദർശിക്കും. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ കമ്മീഷന്റെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാലും നടപടി എടുക്കുക പൊതുനിരീക്ഷകനാണ്.

ചെലവ് നിരീക്ഷണമാണ് ഇതിനായി ചുമതലപ്പെടുത്തിയവർ നിർവഹിക്കുക. നിശ്ചയിച്ചിട്ടുള്ള ചെലവ് പ്രകാരമാണോ തിരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കുന്നതെന്ന് ചെലവ് നിരീക്ഷകർ ഉറപ്പ് വരുത്തും. ഓരോസ്ഥാനാർഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 75,000, ജില്ലാ പഞ്ചായത്ത് 1,50,000, മുനിസിപ്പാലിറ്റികൾ 75,000, കോർപ്പറേഷൻ 1,50,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

സ്ഥാനാർത്ഥികൾ ചെലവ്കണക്കുകൾ സൂക്ഷിക്കാതിരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. ചെലവ് നിരീക്ഷകർ സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിശദവിവരങ്ങൾ വരണാധികാരികളുമായി ചേർന്നാണ് ശേഖരിക്കുന്നത്.