തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: ഹരിതചട്ടംസെല്‍ രൂപീകരിച്ചു ;ഹരിതചട്ടം പാലിക്കാൻ കർശന നിർദ്ദേശം
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എന്നിവര്‍ അംഗങ്ങളായും ഹരിതചട്ടംസെല്‍ രൂപീകരിച്ചു.
ഹരിതചട്ടപരിപാലനത്തിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഏകോപന നിരീക്ഷണസമിതികള്‍ രൂപീകരിച്ചു. ഇവയുടെ സേവനം എല്ലാ വരണാധികാരികളും പ്രയോജനപ്പെടുത്തണം. പ്രചാരണപരിപാടികളില്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഹരിതചട്ടം കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം. ഹരിതചട്ടപാലനംസംബന്ധിച്ച സംശയങ്ങളും മറുപടികളും ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് ബുക്ക് സ്‌കാന്‍ ചെയ്യുന്നതിനുള്ള ക്യൂ.ആര്‍ കോഡ് നോമിനേഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് കാണുന്ന വിധം സജ്ജീകരിക്കണം.
പരിശീലന കേന്ദ്രങ്ങള്‍, പോളിംഗ്ബൂത്ത്, വിതരണകേന്ദ്രം, കൗണ്ടിംഗ്‌സ്റ്റേഷന്‍, തുടങ്ങി ഇലക്ഷന്‍ നടപടിക്രമത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനമായി ഹരിതചട്ടം പാലിക്കുന്നുവെന്ന് വരണാധികാരികള്‍ ഉറപ്പാക്കണം. എല്ലാ പരിപാടികളിലും ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് പാഴ്സലുകള്‍ പൂര്‍ണ്ണമായുംഒഴിവാക്കി പുനരുപയോഗപാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം.
സൈന്‍ പ്രിന്റിംഗ് മെറ്റീരിയല്‍ ഡീലേഴ്സിന്റെ യോഗം ചേര്‍ന്ന് പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍, മറ്റ് പ്രചാരണഉപാധികള്‍ എന്നിവ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം നിര്‍മ്മിക്കുന്നതിന് നടപടിയും സ്വീകരിക്കണം. എം.സി.എഫ്, മിനി എം.സി.എഫ്, ബോട്ടില്‍ ബൂത്തുകള്‍, ആര്‍.ആര്‍.എഫ് തുടങ്ങി സംഭരണകേന്ദ്രങ്ങളില്‍ നിലവിലുള്ള പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കംചെയ്ത് സംഭരണശേഷി ഉറപ്പാക്കുകയും വേണം.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നടക്കേണ്ട മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.










