വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി

post

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബി.എല്‍.ഒ മാരെ ആക്രമിക്കുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സമയബന്ധിതമായി ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നത്. അവരുടെ ജോലിതടസപ്പെടുത്തുന്നത് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വരെ തടവ്‌ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സമാനമാണ് ജോലിതടസപ്പെടുത്തുംവിധം സൃഷ്ടിക്കുന്ന തെറ്റായ വാര്‍ത്തകളും. ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍, ഇതര മാധ്യമങ്ങളുടേയും നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം പൊലിസിന്റെ സൈബര്‍ വിഭാഗം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും. എന്യൂമറേഷന്‍ കലക്ഷന്‍ സെന്ററുകളില്‍ പൊലിസിന്റെ നിരീക്ഷണവും ആവശ്യമായ ഇടപെടലും ഉണ്ടാകും. ഇ.ആര്‍.ഒ. മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും സംരക്ഷണം ഉറപ്പാക്കണം എന്നും നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ. സി. പി. പ്രദീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി റെജി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.