തദ്ദേശ തിരഞ്ഞെടുപ്പ്; മാധ്യമപെരുമാറ്റചട്ടം കർശനം
തദ്ദേശ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങളും നിശ്ചിത പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ് നിർദേശിച്ചു. ജില്ലാതല മീഡിയ റിലേഷൻസ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷതവഹിക്കവെ കർശനനിരീക്ഷണത്തിനും തുടർനടപടികളും സ്വീകരിക്കുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായ സമിതിയെ ചുമതലപ്പടുത്തി.
വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂർ സമയപരിധിയിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതും ബാധിക്കുന്നതുമായ പ്രചാരണം പാടില്ല. പ്രത്യേക രാഷ്ട്രീയകക്ഷിക്കോ സ്ഥാനാർഥിക്കോ അനുകൂലമോ പ്രതികൂലമോ ആയ എക്‌സിറ്റ്‌പോൾ നടത്തുന്നതും ഫലം പ്രസിദ്ധീകരിക്കുന്നതും ഇലക്‌ട്രോണിക് മാധ്യമങ്ങൾക്ക് ഉൾപ്പടെ വിലക്കുണ്ട്.
പെരുമാറ്റചട്ടം നിലവിൽ വന്നതുമുതൽ കേബിൾ നെറ്റ് വർക്ക് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ടെലിവിഷൻ ചാനലുകൾക്കായി ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലയിന്റ് കൗൺസിൽ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. അച്ചടി മാധ്യമങ്ങൾ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങളാണ് പാലിക്കേണ്ടത്. തിരഞ്ഞെടുപ്പ് സംപ്രേഷണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി മാർഗനിർദേങ്ങൾ പാലിക്കുകയും വേണം.
ആധുനിക സാങ്കേതികവിദ്യകളിലൂടെ വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായവിവരങ്ങളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡീപ്‌ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ഡീപ്‌ഫേക്ക് വിഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റംവരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും എ.ഐ ജനറേറ്റഡ്, ഡിജിറ്റലായി എൻഹാൻസ്ഡ്, സിന്തറ്റിക് കണ്ടന്റ് എന്നീ ലേബലുകൾ ഉൾപ്പെടുത്തണം. വിഡിയോ സ്‌ക്രീനിന് മുകളിലായി കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റ ഡേറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും പൂർണമായും നിരോധിച്ചു. ഇത്തരം ഉള്ളടക്കം കണ്ടെത്തിയാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം, സ്രഷ്ടാവിന് മുന്നറിയിപ്പും നൽകണം. എ.ഐ നിർമിതികളുടെ വിവരങ്ങളെല്ലാം രാഷ്ട്രീയകക്ഷികൾ സൂക്ഷിക്കുകയും വേണം എന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
മീഡിയ റിലേഷൻസ് കമ്മിറ്റി കൺവീനർ എൽ. ഹേമന്ത് കുമാർ, അംഗങ്ങളായ ഐ ആന്റ് പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, ലോ ഓഫീസർ എസ്. എസ്. അരുൺകുമാർ, മാധ്യമ വിദഗ്ധരായ കെ. രാജൻ ബാബു, ഇഗ്നേഷ്യസ് പെരേര എന്നിവർ പങ്കെടുത്തു.
ആയുധങ്ങൾ നവംബർ 19നകം സറണ്ടർ ചെയ്യണം
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസൻസികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ നവംബർ 19നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട് 37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി. കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാം
എല്ലാ രാഷ്ട്രീയപാർട്ടികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും, അച്ചടിശാലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ലഘുലേഖകൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം എന്ന് ജില്ലാ കളക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൈകൊണ്ട് പകർത്തിയെഴുതുന്നതൊഴിച്ച്, എല്ലാ തിരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സ് പ്രസാധകൻ എന്നിവരുടെ പേരും വിലാസവും മുൻപേജിൽ ഉണ്ടായിരിക്കണം. അതിൻ്റെ ഒരു പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. അച്ചടിച്ച രേഖകളുടെ എണ്ണവും, ഈടാക്കിയ കൂലിയും മറ്റു ചിലവുകളും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുള്ള ഫോമിൽ ഒപ്പ് വച്ച് രേഖപ്പെടുത്തണം. അച്ചടിച്ച രേഖകളും പ്രസ്സ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സമർപ്പിക്കണം.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദ-ദൃശ്യ-അച്ചടി മാധ്യമ പ്രചാരണ വസ്തുക്കളിൽ എ.ഐ ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. ആൻ്റി ഡഫേസ്മെൻറ് സ്ക്വാഡിന് ഉത്തരവായെന്നും യോഗത്തിൽ അറിയിച്ചു. സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഹെൽപ്പ് ഡെസ്ക് നോഡൽ ഓഫീസർ ടി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.










