എസ്.ഐ.ആര്‍ ഫോം വിതരണത്തില്‍ പുരോഗതി

post

ജില്ലയില്‍ തുടരുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ (എസ്.ഐ.ആര്‍.) നടപടികളുടെ ഭാഗമായി 96.91 ശതമാനം എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം പൂര്‍ത്തിയായെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസ്.

2026 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് നടപടികള്‍. പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിന് ബി.എല്‍.ഒ.മാരെ സഹായിക്കാന്‍ പ്രത്യേക വില്ലേജ് ഓഫീസുകളിലും പോളിംഗ് സ്റ്റേഷനുകളിലും സ്വീകരിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കും. പ്രാദേശിക ലോജിസ്റ്റിക്പിന്തുണ, നിശ്ചിതസമയപരിധിക്കുള്ളില്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് സാങ്കേതികവും അടിസ്ഥാനസൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കും. ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.

അധിക ബൂത്ത് ലെവല്‍ ഏജന്റുമാരെ (ബി.എല്‍.എ.) നാമനിര്‍ദ്ദേശം ചെയ്യാനും വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനും അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ബി.എല്‍.ഒ.മാരുടെ ജോലിഭാരം കൂടുതല്‍ ലഘൂകരിക്കുന്നതിനാണ് നടപടി.

എല്ലാ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെയും മാതൃകാപരമായപരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. നിശ്ചിത സമയപരിധിപ്രകാരം പ്രത്യേക സംക്ഷിപ്തപുതുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വോട്ടര്‍മാരും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

എസ്.ഐ.ആര്‍; കളക്ഷന്‍സെന്ററുകള്‍ പ്രവര്‍ത്തിക്കും

ചാത്തന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന, പൂയപ്പള്ളി വില്ലേജ് പരിധിയിലെ ബൂത്ത് നം. 23 മുതല്‍ 42 വരെയുള്ള ബൂത്തുകളില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി ബൂത്ത് ഏജന്റുമാരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെ നവംബര്‍ 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ നാല് വരെ അതാത് ബൂത്തുകളില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. എന്യൂമറേഷന്‍ ഫോമുകള്‍ തിരിച്ചേല്പിച്ചിട്ടില്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ ക്യാമ്പുകളില്‍ നല്‍കാം.