തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പ് :പെരുമാറ്റചട്ടലംഘനം കര്‍ശനമായി നിരീക്ഷിക്കും, നടപടിയെടുക്കും

post

തിരഞ്ഞടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നതില്‍ കൃത്യത ഉറപ്പാക്കുമെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പെരുമാറ്റചട്ട നിരീക്ഷണ സമിതിയുടെ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കവെ പെരുമാറ്റചട്ടം പാലിക്കുന്നത് നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും സുശക്തമായ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പടെ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. സുതാര്യവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് ഉറപ്പാക്കേണ്ടത്.

തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പൊതുജനങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും  പരിഹരിക്കാന്‍ സംവിധാനമൊരുക്കും. കലക്‌ട്രേറ്റില്‍ ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിച്ചാകും നിര്‍വഹണം. രണ്ടു ദിവസത്തിലൊരിക്കല്‍ പെരുമാറ്റചട്ട നിരീക്ഷണസമിതിയുടെ യോഗംചേര്‍ന്ന് ലഭ്യമായ പരാതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ പരിധിക്ക് പുറത്തുള്ളവ സംസ്ഥാന തിരെഞ്ഞെടുപ്പ് നിരീക്ഷണസമിതിക്ക് കൈമാറും. പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കും.

  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകസമിതി ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.  ഓരോ പോളിംഗ് സ്റ്റേഷനിലും ഹരിതചട്ടനിയന്ത്രണങ്ങള്‍ ഉറപ്പാക്കും.  രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശംനല്‍കാന്‍ പ്രത്യേക യോഗംചേരും.  ഗ്രാമ, ബ്ലോക്ക്,  ജില്ലാതലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും രൂപീകരിക്കും എന്നും വ്യക്തമാക്കി.

കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.