കോഴിക്കോട് ടൗണ്‍ഹാള്‍ ഫസാഡ് ഇല്യൂമിനേഷന്‍ ഉദ്ഘാടനം ചെയ്തു
നഗരസൗന്ദര്യത്തിന് നിറം നല്‍കി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഫസാഡ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാള്‍ ദീപാലംകൃതമാക്കിയതിന്റെ സ്വിച്ച് ഓണ്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട് നഗരത്തിലെ ലാന്‍ഡ്മാര്‍ക്ക് കെട്ടിടങ്ങള്‍ ദീപാലങ്കാരമാക്കി നഗരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി 4.46 കോടി രൂപ ചെലവിട്ട് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഫസാഡ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായാണ് ടൗണ്‍ ഹാളില്‍ അലങ്കാര ലൈറ്റുകള്‍ ഒരുക്കിയത്.
പട്ടാളപ്പള്ളി, സി.എസ്.ഐ ചര്‍ച്ച്, കുറ്റിച്ചിറ മിഷ്‌കാല്‍ മോസ്‌ക്, കോഴിക്കോട് ബീച്ചിലെ ലൈറ്റ് ഹൗസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍, ഓള്‍ഡ് കോര്‍പ്പറേഷന്‍ ബില്‍ഡിങ്, തളി ക്ഷേത്രം, ശ്രീ കണ്‌ഠേശ്വര ക്ഷേത്രം തുടങ്ങിയവ ദീപാലംകൃതമാക്കുന്നതാണ് പദ്ധതി. ഇതില്‍ പട്ടാളപള്ളി, സി.എസ്.ഐ ചര്‍ച്ച്, കുറ്റിച്ചിറ മിഷ്‌കാല്‍ മോസ്‌ക് എന്നിവയിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചിരുന്നു.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, മുന്‍ മേയര്‍ ടി പി ദാസന്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ ദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍, പ്രസിഡന്റ് പ്രപു പ്രേംനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.










