നേട്ടങ്ങള്‍ അവതരിപ്പിച്ച് സേനാപതി വികസനസദസ്

post

സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഇടുക്കി സേനാപതി ഗ്രാമപഞ്ചായത്ത് വികസനസദസ്. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച സദസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എന്‍ മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തിലോത്തോമ സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്  പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍ അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതിയിലൂടെ 79 വീടുകള്‍ നിര്‍മ്മിക്കാനും എല്ലാ വീടുകളിലും ശുചിമുറി പൂര്‍ത്തിയാക്കി സമ്പൂര്‍ണ സാനിറ്റേഷന്‍ എന്ന നേട്ടം സ്വന്തമാക്കാനും പഞ്ചായത്തിന് കഴിഞ്ഞു. മാങ്ങാത്തൊട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ഒരുകോടി 39 ലക്ഷം മുടക്കി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. പുതുതായി 1880 പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനും പട്ടികജാതി പട്ടികവര്‍ഗ നഗര്‍ വികസനം നടപ്പിലാക്കാനും 20 അംഗങ്ങള്‍ അടങ്ങുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം നൂറ് ശതമാനം മികച്ച രീതിയില്‍ നടത്താനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയുടെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെയും സേനാപതി പഞ്ചായത്തിന്റെയും ഭാവി വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആന്റോ തോമസ്, ജോണി പന്തീരായിക്കണ്ടം, സേനാപതി പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.