കരുണാപുരം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് ഗ്രാമപഞ്ചായത്തുകള്‍: എംഎം മണി എംഎല്‍എ
ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് വികസന സദസ് എം.എം മണി എംഎല്‍എ. ഉദ്ഘാടനം ചെയ്തു.ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം ഗ്രാമപഞ്ചായത്തുകളാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. നമ്മുടെ സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതി കൈവരിച്ചു. മാറി മാറി വന്ന സര്‍ക്കാരുകളാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് സംസ്ഥാനത്തും ഇടുക്കി ജില്ലയില്‍ പൊതുവിലും ഉടുമ്പന്‍ചോല മണ്ഡലത്തിലും റോഡ് നിര്‍മ്മാണ രംഗത്ത് അടക്കം അടിസ്ഥാന വികസനത്തില്‍ വലിയ മാറ്റമുണ്ടായതായും എംഎല്‍എ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ വികസനം ഉറപ്പാക്കുകയാണ് വികസന സദസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടാര്‍ എസ്എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സദസില്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന് അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കെ.റ്റി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്തുകുട്ടി, സതി അനില്‍ കുമാര്‍, ലത ഗോപകുമാര്‍, സി.എം ബാലകൃഷ്ണന്, പി.ഡി. പ്രദീപ്, സുരേഷ് പി.എസ്, വിവിധ രാഷ്ട്രിയ സംഘടനാ പ്രതിനിധികളായ പി.പി സുശീലന്, റ്റി. ആര് സഹദേവന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷോളി ജോസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. സജീവന്, സേനാപതി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജു മോഹന്‍, റിസോഴ്സ് പേഴ്സണ്‍ രാഹുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.










