അടിമാലി പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

post

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ് അഡ്വ. എ. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലയിലും സര്‍ക്കാര്‍ സമഗ്ര മാറ്റം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .

ദേവികുളം മണ്ഡലത്തിന്റെ കവാടമാണ് അടിമാലി. കൂടുതല്‍ വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന പ്രദേശമായതിനാല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ അടിമാലി മേഖലയില്‍ അനിവാര്യമാണ്. ദിവസേന ആയിരത്തിലധികം പേര്‍ ആശ്രയിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയില്‍ 13 കോടി രൂപയുടെ മുതല്‍മുടക്കി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്നും എംഎല്‍എ അറിയിച്ചു.

അടിമാലി പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സദസില്‍ അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. ഡി ഷാജി അധ്യക്ഷത വഹിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ആര്‍. നന്ദകുമാര്‍ അവതരിപ്പിച്ചു.

ഡിജികേരളത്തിലൂടെ 3767 പേര്‍ക്ക് സാക്ഷരത നല്‍കുവാനും ലൈഫ് ഭവന പദ്ധതിയിലൂടെ 1261 വീടുകള്‍ പൂര്‍ത്തിയാക്കുവാനും മാലിന്യ സംസ്‌ക്കരണ മേഖലയില്‍ 90 ശതമാനം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു. 4955 പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കി. ഇതിനായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 36,93,47900 രൂപ വിനിയോഗിച്ചു. 364 പേര്‍ക്ക് പാലിയേറ്റീവ് സേവനം നല്‍കുവാന്‍ 20 ഹോം കെയര്‍ പ്രവര്‍ത്തിക്കുന്നു. അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.  അടിമാലി പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തല സൗകര്യ വികസനം, ടേക്ക് എ ബ്രേക്ക്, വിവിധ റോഡുകളുടെ നിര്‍മ്മാണം എന്നിങ്ങനെ എല്ലാ തലങ്ങളിലും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി സംഘടിപ്പിച്ച വികസനസദസില്‍ സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. പൊതുജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും  ചെയ്തു.

സദസിന്റെ ഭാഗമായി കെ സ്മാര്‍ട്ട് സേവനവും തൊഴില്‍ മേളയും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരെയും വിവിധ വാര്‍ഡുകളിലെ ഹരിതകര്‍മ്മ സേന അംഗങ്ങളെയും ആദരിച്ചു. സദസില്‍ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.