ഇടുക്കി നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കും

post

ഇടുക്കി നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ് അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പൈനാവിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ 32 മുറികളില്‍ ഒഴിഞ്ഞുകിടക്കുന്ന 16 മുറികളില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കും. ഒരു മുറിയില്‍ 4 വിദ്യാര്‍ഥികള്‍ വീതം 64 വിദ്യാര്‍ഥികളെ ഇവിടെ താമസിപ്പിക്കാനാകും. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ 18 മുറികള്‍ ഒഴിവുണ്ട്. ഒരു മുറിയില്‍ നാലു കുട്ടികള്‍ വീതം 72 വിദ്യാര്‍ഥികളെ ഈ മുറികളില്‍ താമസിപ്പിക്കാനാകും. നിലവില്‍ മറ്റ് സ്ഥലങ്ങളിലായി താമസിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും ഈ രണ്ടു സ്ഥലങ്ങളിലായി താമസിപ്പിക്കും.

ബാക്കിയുള്ള 12 ആണ്‍കുട്ടികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട്, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് ഇവരെ മാറ്റിതാമസിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെയും ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണം ഡിസംബര്‍ അവസാന ആഴ്ചയോടെ പൂര്‍ത്തിയാകും. ഇതിനു ശേഷമായിരിക്കും ആണ്‍കുട്ടികളെ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ നിലവില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.