വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്

post

സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. കാന്തല്ലൂര്‍ വിഎഫ്പിസികെ ഹാളില്‍ നടത്തിയ സദസിന്റെ ഉദ്ഘാടനം അഡ്വ. എ. രാജ എംഎല്‍എ നിര്‍വഹിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ അധ്യക്ഷത വഹിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി വിമല്‍ കെ. വില്‍സണ്‍ അവതരിപ്പിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി കാന്തല്ലൂര്‍ പഞ്ചായത്തില്‍ സമഗ്രമായി നടപ്പിലാക്കി. പഞ്ചായത്തില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍, എസ് സി, എസ് ടി വിഭാഗത്തിലായി 574 വീടുകള്‍ പൂര്‍ത്തീകരിക്കുകയും മാലിന്യമുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് നിശ്ചിതകാലയളവില്‍ സംഘടിപ്പിക്കുന്ന മാസ് ക്ലീനിങ് ഡ്രൈവുകളോടൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് 16 ഓളം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 

  കാര്‍ഷിക മേഖലയോടൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മേഖലയാണ് വിനോദസഞ്ചാരം. ടൂറിസം മേഖലയുടെ ഉന്നമനത്തിനായി റെസ്‌പോണ്‍സിബിള്‍ ടൂറിസം വകുപ്പുമായി കൈകോര്‍ത്ത് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിശ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ വിശദാംശങ്ങള്‍ ഒരുക്കുകയും ചെയ്തു. പഞ്ചായത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പദ്ധതിയാണ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രവേശന കവാടം സ്ഥാപിക്കല്‍. ഈ പദ്ധതിയും വിജയകരമായി തന്നെ പൂര്‍ത്തീകരിക്കുകയും വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു.

 കൂടാതെ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തും ഡിടിപിസിയും കൈകോര്‍ത്ത് ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ഇരച്ചില്‍ പാറ, കച്ചാരം വാട്ടര്‍ ഫാള്‍സ് എന്നീ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്. സഞ്ചാരയോഗ്യമായ ഫാം റോഡുകള്‍ സഞ്ചാരികളെ കൂടുതല്‍ കാര്‍ഷികമേഖലയിലേക്ക് കടന്നു ചെല്ലുവാനും ആസ്വദിക്കുവാനും, അതുവഴി ഗ്രാമങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഓര്‍ഗാനിക് പച്ചക്കറികള്‍ വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് വാങ്ങുവാനും അവസരം ഒരുക്കുന്നു. ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഗതാഗത സൗകര്യങ്ങള്‍, കാര്‍ഷിക ഉത്പാദനം, സാമൂഹികക്ഷേമം എന്നിവയിലായി സമഗ്രമായ പല പദ്ധതികളും പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. പൊതുജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി വികസനങ്ങളെ പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു.സദസില്‍ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.