ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം;10 വര്‍ഷത്തിനിടെ രോഗികളില്‍ ഗണ്യമായ കുറവ്

post

ക്ഷയരോഗ നിര്‍ണയവും തുടര്‍ചികിത്സാ പദ്ധതികളും ഊര്‍ജിതമാക്കി കൊല്ലം ജില്ലാ ടി.ബി സെന്റര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയിലെ ടി ബി കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി ജില്ലാ ടി ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് പറഞ്ഞു. 2015ല്‍ 2677 കേസുകള്‍ ഉണ്ടായതില്‍ നിലവില്‍ 915 ആയി കുറഞ്ഞു. വര്‍ഷം, കേസുകളുടെ എണ്ണം യഥാക്രമം: 2015-2677, 2016-2399, 2017-2026, 2018-1958, 2019-1710, 2020-1269, 2021-1341,  2022-1369, 2023-1307, 2024- 1329, 2025-(സെപ്റ്റംബര്‍ വരെ) 915.

തീരദേശ പ്രദേശങ്ങള്‍, ഉന്നതികള്‍, അതിഥി തൊഴിലാളികളുടെ വാസയിടങ്ങള്‍, അനാഥ-അഗതിമന്ദിരങ്ങള്‍, എന്നിവിടങ്ങളിലും ആശാ പ്രവര്‍ത്തകര്‍ മുഖേന വീടുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്രീനിങ്ങിലൂടെയും കാലതാമസം കൂടാതെ ടി.ബി രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞു. കൃത്യമായ പരിശോധനയിലൂടെ തുടര്‍ ചികിത്സ നല്‍കി രോഗശമനവും ഉറപ്പാക്കി. സ്‌കൂളുകള്‍, കോളജുകള്‍, വായനശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ക്ഷയരോഗ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക വഴി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമായി. മൊബൈല്‍ മെഡിക്കല്‍ വാഹനത്തിന്റെ സേവനവും ഹാന്‍ഡ് ഹെല്‍ഡ് എക്സ്-റേ സംവിധാനം ഉപയോഗിച്ച് രോഗനിര്‍ണയം പെട്ടന്നു നടത്തി ചികിത്സയും നല്‍കുന്നു.

ശ്വാസകോശ ക്ഷയരോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ടി.ബി സ്‌ക്രീനിംഗ് നടത്തുകയും അതില്‍ രോഗസാധ്യതയുള്ളവരെ ഐ.ജി ആര്‍.എ/ സി.വൈ-ടി.ബി ടെസ്റ്റുകള്‍ നടത്തി ക്ഷയരോഗ പ്രിവന്റേറ്റീവ് തെറാപ്പിക്ക് വിധേയരാക്കുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസ് നടപ്പാക്കുന്ന 'മിസ്റ്റ്' പദ്ധതി, സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ പ്രത്യേക പ്രോജക്ടിലൂടെയും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ടി.ബി സ്‌ക്രീനിങ് ക്യാമ്പുകള്‍ നടത്തുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അതിഥിത്തൊഴിലാളികള്‍ കൂടുതലായി ഉള്ള റെയില്‍വേ, ദേശീയപാത അതോറിറ്റി, ഫിഷറീസ് വകുപ്പുകളുമായി ചേര്‍ന്നും രോഗനിര്‍ണയ ക്യാമ്പുകളും നടത്തി. 'നിക്ഷയ്' പോര്‍ട്ടല്‍ വഴി അതിഥി തൊഴിലാളിയുടെ ബന്ധപ്പെട്ട സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്കും രോഗ വിവരങ്ങള്‍ കൈമാറുന്നുണ്ട്. രോഗികള്‍ക്കായി വിവിധ ത്രിതല പഞ്ചായത്തുകള്‍ വഴി പോഷകാഹാര പദ്ധതി, റവന്യൂ പെന്‍ഷന്‍ എന്നിവയും നടപ്പാക്കുകയാണ്. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ 2019 ല്‍ ആരംഭിച്ച 'സ്റ്റെപ്സ്' പദ്ധതി വഴി ക്ഷയരോഗ ടെസ്റ്റുകള്‍, രോഗികള്‍ക്കുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുന്നു.

ക്ഷയരോഗം; രോഗലക്ഷണങ്ങളും ചികിത്സയും

മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന രോഗാണുവാണ് ക്ഷയരോഗത്തിന് കാരണം. കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാം. ശ്വാസകോശത്തെയാണ് സാധാരണയായി ക്ഷയരോഗം ബാധിക്കുന്നതെങ്കിലും തലച്ചോറ്, കഴല, എല്ല്, ആമാശയം, കുടല്‍, കണ്ണ്, തൊലി, നട്ടെല്ല്, വൃക്ക എന്നീ അവയവങ്ങളിലും ക്ഷയരോഗം ബാധിക്കാം. ക്ഷയരോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് രോഗം ഉണ്ടാക്കുന്ന സങ്കീര്‍ണാവസ്ഥകള്‍ ചെറുക്കാന്‍ സഹായിക്കും.

നിഷ്‌ക്രിയ ക്ഷയരോഗാണു ഉള്ള വ്യക്തികളെ ചികിത്സിച്ച് രോഗാണുവിനെ നശിപ്പിക്കുന്ന ടി.ബി പ്രിവെന്റിവ് തെറാപ്പി ലഭ്യമാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, പനി, ഭാരക്കുറവ്, രക്തം ചുമച്ചു തുപ്പുക, വിശപ്പില്ലായ്മ, സന്ധി വീക്കം, സന്ധിവേദന, കഴുത്തിനു മുറുക്കം, അപസ്മാരം, നീണ്ടുനില്‍ക്കുന്ന പനി, നടുവേദന, വയറുവേദന, വയറിളക്കം തുടങ്ങിയവ  ക്ഷയരോഗ ലക്ഷണങ്ങളാണ്. പുകയില ഉപയോഗം, മദ്യപാനം എന്നിവ ക്ഷയരോഗ  സാധ്യത വര്‍ധിപ്പിക്കും. കഫ പരിശോധന, മൈക്രോസ്‌കോപ്പി, ട്രൂനാറ്റ്, സി ബി നാറ്റ്, എല്‍ പി എ കള്‍ച്ചര്‍, സി ടി, എം ആര്‍ ഐ സ്‌കാനുകള്‍ മുഖേന ക്ഷയരോഗം കണ്ടെത്താം.