പുരോഗതിയുടെ വികസനരേഖ പ്രദര്‍ശിപ്പിച്ച് ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്

post

പുരോഗതിയുടെ വികസനരേഖ പ്രദര്‍ശിപ്പിച്ച കൊല്ലം ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് മേല്‍കുളങ്ങര വാര്‍ഡ് അംഗം ജിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഉമ്മന്നൂര്‍ വാര്‍ഡ് അംഗം എസ്.സിന്ധു അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്‍സി വികസനരേഖ പ്രകാശനം ചെയ്തു. കില റിസോഴ്സ്പേഴ്സണ്‍ പ്രേംലാല്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം.മുജീബ് റഹ്മാന്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളും അവതരിപ്പിച്ചു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു.

പഞ്ചായത്തില്‍ ലൈഫ് പദ്ധതി 426 വീടുകള്‍ നിര്‍മിച്ചുനല്‍കി. വന്യജീവികളില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായി 15 ലക്ഷം രൂപ ചെലവഴിച്ച് സോളാര്‍ വേലി ഒരുക്കി. സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 291 ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിച്ചു. ഗാര്‍ഹിക ഉറവിട മാലിന്യ സംസ്‌കരണത്തിനായി 1400 ബയോബിന്നുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ബി ആര്‍ സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 60.23 ലക്ഷം രൂപ ചെലവഴിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ജാഗ്രത സമിതി പ്രവര്‍ത്തിച്ചുവരുന്നുവെന്നും വികസന സദസില്‍ വ്യക്തമാക്കി.

ഹരിതകര്‍മ സേനാംഗങ്ങളെയും സബ് സെന്ററുകള്‍ക്ക് ഭൂമി നല്‍കിയ പ്രദേശവാസികളെയും സദസില്‍ ആദരിച്ചു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷരായ അയത്തില്‍ ഉണ്ണികൃഷ്ണന്‍, അംബികാദേവി, വാര്‍ഡ് അംഗങ്ങളായ സുനില്‍.റ്റി.ഡാനിയേല്‍, അജിത, പ്രിയ ആസ്തികന്‍, പി.വി.അലക്സാണ്ടര്‍, ബിന്ദു പ്രകാശ്, അമ്പിളി ശിവന്‍, എസ്.ബുഷ്റ, ഹരിത അനില്‍, എസ്.മോളമ്മ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിനി ജോസ്, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജാത നെപ്പോളിയന്‍, ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക് ബിനു.പി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.