വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് കിഴക്കേ കല്ലട വികസന സദസ്
നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് കൊല്ലം കിഴക്കേ കല്ലട വികസന സദസ്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ നടന്ന വികസന പ്രവര്‍ത്തനത്തിന്റെ രേഖ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.കബീര്‍ദാസ് അവതരിപ്പിച്ചു.
അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട 22 കുടുംബങ്ങള്‍ക്ക് ഭക്ഷണവും വരുമാനവും ലഭ്യമാക്കി. 4541 വിദ്യാര്‍ഥികള്‍ ഡിജി കേരളം പദ്ധതിയിലൂടെ പഠനം പൂര്‍ത്തീകരിച്ചു. ലൈഫ് ഭവന പദ്ധതിക്കായി 6,09,00,000 രൂപ ചെലവഴിച്ചു. 134 ഭവനങ്ങള്‍ നിര്‍മിച്ചു (പൊതു വിഭാഗം-69, പട്ടികജാതി വിഭാഗം- 65). 35 കുടുംബങ്ങള്‍ക്ക് (പൊതുവിഭാഗം-23, പട്ടികജാതി വിഭാഗം-12) വസ്തു വാങ്ങാനുള്ള ധനസഹായം നല്‍കി. 2020- 21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വരെ 40,09,145 രൂപ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി ചെലവഴിച്ചു. മിനി എം.സി.എഫ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ, മൂന്ന് സ്മാര്‍ട്ട് അംഗനവാടി കെട്ടിടത്തിനായി 34 ലക്ഷം രൂപ, എം.സി.എഫ് എട്ട് ലക്ഷം രൂപ, മിനി കമ്മ്യൂണിറ്റി ഹാളിനായി 10 ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമീണ റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമായി അഞ്ചു കോടി രൂപ വിനിയോഗിച്ചു. പഞ്ചായത്തിലെ ഹരിതകര്‍മ സേനയ്ക്ക് ട്രോളി നല്‍കി. മത്സ്യമേഖലയുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിനായി സഹായങ്ങള്‍ നല്‍കി.
ചിറ്റുമല വാര്‍ഡിലെ പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ ആവശ്യകത, കുടുംബശ്രീ അംഗങ്ങള്‍ക്ക് കെട്ടിടം, ഹരിതകര്‍മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്തു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു.
കിഴക്കേ കല്ലട പഞ്ചായത്ത് അംഗം എസ്.സജിലാല്‍ അധ്യക്ഷനായി. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ശ്രുതി, പഞ്ചായത്ത് അംഗങ്ങളായ ആര്‍.ജി.രതീഷ്, കെ.പ്രദീപ് കുമാര്‍, ഷാജി മുട്ടം, ഐ.മല്ലിക, അമ്പിളി ശങ്കര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രശ്മി, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് അന്‍സര്‍ എന്നിവര്‍ പങ്കെടുത്തു.










