വികസനനേട്ടങ്ങളുമായി പേരയം പഞ്ചായത്ത് വികസന സദസ്

കൊല്ലം പേരയം ഗ്രാമപഞ്ചായത്ത് വികസന സദസ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. പേരയം പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ രമേശ് കുമാര്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ സൗമ്യ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കൈവരിച്ച പുരോഗതി പേരയം പഞ്ചായത്ത് സെക്രട്ടറി പി.ജി ഉണ്ണികൃഷ്ണപിള്ള അവതരിപ്പിച്ചു.
കോവിഡ് പ്രതിരോധം, പി എച്ച് സിയുടെ കെട്ടിടം നവീകരണം, സൗജന്യ ലാബ് സേവനം, 1.30 കോടി ചിലവഴിച്ച് നിര്‍മിച്ച പുതിയ പി എച്ച് സി കെട്ടിടം എന്നിവ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വേകി. കുറ്റി കുരുമുളക് തൈ വിതരണം, ഫലവൃക്ഷതൈ വിതരണം, കേരഗ്രാമം, വളം വിതരണം തുടങ്ങിയ പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വല വിതരണം, മക്കള്‍ക്കായി ലാപ്‌ടോപ്പ് വിതരണം, ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സീ റാഞ്ചിങ് പദ്ധതി എന്നിവ നടപ്പാക്കി വരുന്നു. മാലിന്യ സംസ്‌കരണ മേഖലയില്‍ ഒരു കോടി രൂപ ചെലവഴിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ശുചിമുറികളില്‍ ബയോഡൈജസ്റ്റര്‍ സ്ഥാപിച്ചു. അടുക്കള മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റ് എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്തു. ഹരിതകര്‍മ സേനയ്ക്ക് അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി. അതിദരിദ്രരായ 25 പേരില്‍ 5 പേര്‍ക്ക് വീട്, 25 പേര്‍ക്ക് മരുന്ന്, 24 പേര്‍ക്ക് ഭക്ഷണ കിറ്റ് എന്നിവ നല്‍കിവരുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ 131 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 16 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഭൂരഹിതരായ ഒമ്പത് പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി.
പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വികസനനേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരം സമിതി അധ്യക്ഷര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.