ഭാവി വികസനം ചർച്ച ചെയ്ത് അയ്യപ്പൻകോവിൽ വികസനസദസ്

ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വികസന സദസ് എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അധികാരം ജനങ്ങളിലെയ്ക്കെന്ന കാഴ്ചപ്പാടോടെയാണ് വികസന സദസുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു .
ജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തുമ്പോഴാണ് ജനാധിപത്യസംവിധാനം യഥാർഥത്തിൽ നടപ്പാകുന്നതെന്നും എം.എൽ.എ പറഞ്ഞു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ അധ്യക്ഷത വഹിച്ചു. വികസന റിപ്പോർട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പ്രകാശനം ചെയ്തു. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി ആൽബർട്ട് എബ്രഹാം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കട്ടപ്പന നഗരസഭാ ജൂനിയർ സൂപ്രണ്ട് ശ്യാം എസ്. അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമാർജന പദ്ധതി അയ്യപ്പൻ കോവിൽ പഞ്ചായത്ത് പൂർണതോതിൽ നടപ്പിലാക്കി. പഞ്ചായത്തിൽ അതിദരിദ്രരായി കണ്ടെത്തിയ 32 കുടുംബങ്ങളും അതി ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി. ഡിജി കേരളം പദ്ധതിയിൽ 1823 പേർ പഠിതാക്കൾ ആവുകയും
പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതിലൂടെ ഡിജികേരളത്തിലും പഞ്ചായത്ത് മികവ് നേടി. വയോജനക്ഷേമത്തിൽ പഞ്ചായത്ത് അറുപത് വയസ് കഴിഞ്ഞവർക്ക് കട്ടിൽ, കമ്പിളി പുതപ്പ് എന്നിവ വിതരണം ചെയ്യുകയും അവരുടെ മാനസിക ഉല്ലാസത്തിനായുള്ള വയോജന പരിപാലന കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ലൈഫ് ഭവനപദ്ധതിയിൽ 274 ഗുണഭോക്താക്കളെ പഞ്ചായത്ത് കണ്ടെത്തുകയും അതിൽ 149 ഭവനങ്ങൾ പൂർത്തികരിക്കുകയും 125 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയുമാണ്.
പശ്ചാത്തല സൗകര്യ വികസനത്തിൽ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 2,77,08,796 രൂപയും നടപ്പാത, കലുങ്കുകളുടെ നിർമ്മാണം എന്നിവയ്ക്കായി 9,50,632 രൂപയും ഹൈ മാസ്റ്റ് ലൈറ്റ്, തെരുവ് വിളക്ക് സ്ഥാപിക്കൽ എന്നിവയ്ക്കായി 3,41,640 രൂപയും വെയിറ്റിങ്ങ് ഷെഡുകളുടെ നിർമ്മാണത്തിനായി 2,68,472 രൂപയും അഞ്ച് വർഷം കൊണ്ട് പഞ്ചായത്ത് ചെലവഴിച്ചു.
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്‌നേഹ ആരാമം എന്ന പൂന്തോട്ടം പരിപാലിക്കുന്ന മേരികുളം സ്‌കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സിനെ സദസിൽ ആദരിച്ചു. ചടങ്ങിൽ കുടുംബശ്രീയുടെ പ്രവർത്തന അനുഭവങ്ങൾ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്തിന് മികച്ച ഓഫീസ്, പട്ടയമില്ലാത്തവർക്കും വീട് നൽകുക, ഗ്രാമീണ റോഡുകൾ മികച്ച നിലവാരത്തിലാക്കുക, കളിക്കളം നിർമ്മിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിക്കാരനെ സഹായിക്കുന്ന നിലപാട് സ്വികരിക്കുക, കുടിവെള്ള ലഭ്യത ഇല്ലാത്ത സ്ഥലങ്ങളിൽ അത് ലഭ്യമാക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ അത് പരിഹരിക്കുക, ഗ്രാമീണ മണ്ണ് റോഡുകൾ കോൺക്രീറ്റ് ചെയ്യുക. മഴക്കാലത്ത് വൈദ്യൂതി ഇല്ലാത്ത പ്രശ്നങ്ങൾ പരിഹരിക്കുക, പഞ്ചായത്തിന്റെ വലിയ ടൂറിസം മേഖലയായ തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികൾ പരിഹരിക്കുകയും ടേക്ക് എ ബ്രേക്ക്, പാർക്കിംഗ്, വിശ്രമ കേന്ദ്രങ്ങൾ എന്നിവ നടപ്പാക്കുക, കുട്ടികളിൽ നീന്തൽ പരിശീലനം നടത്താൻ സൗകര്യം ഒരുക്കുക, കമ്മ്യൂണിറ്റി ഹാൾ, ആധുനിക പൊതു ശ്മശാനം, കാർഷിക ക്ലബ്, കുടുംബ ശ്രീക്ക് ഓഫീസ്, മേരികുളത്ത് വെയിറ്റിങ്ങ് ഷെട് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഓപ്പൺ ഫോറത്തിൽ പൊതുജനങ്ങൾ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ. ജോൺ സ്വാഗതം ആശംസിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ബിനു, ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ സുമോദ് ജോസഫ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈമോൾ രാജൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷാമോൾ ബിനോജ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. എസ് രാജൻ, പഞ്ചായത്ത് അസി. സെക്രട്ടറി മുഹമ്മദ് ഷാഫി, ആസുത്രണ സമിതി ഉപാധ്യക്ഷൻ എ എൽ ബാബു, തുടങ്ങി പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.