ബൈസണ്‍വാലി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

post

നാധിപത്യപരിപാടിയാണ് വികസനസദസ്: എം. എം മണി എംഎല്‍എ

ജനാധിപത്യപരമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസനസദസ് സംഘടിപ്പിക്കുന്നതെന്ന് എം.എം. മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈസണ്‍വാലി പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഉടുമ്പന്‍ചോല - രണ്ടാംമൈല്‍ റോഡ്, ചെമ്മണാര്‍ - ഗ്യാപ്പ് റോഡ് എന്നീ മികച്ച റോഡുകള്‍ കടന്നുപോകുന്ന പഞ്ചായത്താണ് ബൈസണ്‍വാലിയെന്നും അതുതന്നെ വികസനത്തിന്റെ മുന്നേറ്റമാണെന്നും എംഎല്‍എ പറഞ്ഞു.

പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന വികസനസദസില്‍ അഡ്വ. എ. രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു. അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എം. റംഷാദ് അവതരിപ്പിച്ചു. മൂന്ന് കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുവാനും കൊമാളിക്കുടി സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നതിനും മുട്ടുകാട് പാടശേഖരത്തിന് പുതുജീവന്‍ നല്‍കുവാനും ലൈഫ് ഭവനപദ്ധതിയിലൂടെ 217 വീടുകള്‍ പൂര്‍ത്തിയാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈസണ്‍വാലി എഫ്.എച്ച്.സി.യില്‍ സായാഹ്ന ഒ പി ആരംഭിക്കുവാനും ആംബുലന്‍സ്, ഫ്രീസര്‍, ജനറേറ്റര്‍ തുടങ്ങിയവ വാങ്ങുവാനും പഞ്ചായത്തിന് കഴിഞ്ഞു.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും റോഡുകള്‍ സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിനും കൃഷി, മൃഗസംരക്ഷണം, പാലിയേറ്റീവ് കെയര്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ വിവിധ മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസനതുകയായ 1.5 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസനവും ജില്ലാപഞ്ചായത്തിന്റെ 3 കോടി രൂപയുടെ വികസനവും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 1.25 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ടെന്നും പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. സദസിന്റെ ഭാഗമായി പഞ്ചായത്ത് വികസനങ്ങളുടെ വിലയിരുത്താലും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചയും നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജമ്മ രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.