വികസനപ്രവര്‍ത്തനങ്ങള്‍ വിളംബരം ചെയ്ത് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വികസന സദസ്

post

പഞ്ചായത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കികൊണ്ട് ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു. നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുക ജനപ്രതിനിധികളുടെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ കേവലം രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്കപ്പുറം നാടിന്റെ പ്രതിനിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാറത്തോട് സെന്റ്. ജോര്‍ജ് ഫെറോന പള്ളി പാരിഷ് ഹാളില്‍ നടന്ന വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു.

കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. കൂടാതെ കേരളോത്സവം മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരവിതരണവും വേദിയില്‍ നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ സംസ്ഥാനതല വികസന ഡോക്യുമെന്ററി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പ്രാദേശികവികസന ഡോക്യുമെന്ററി എന്നിവയും സദസില്‍ പ്രദര്‍ശിപ്പിച്ചു.


സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക, പൊതുജനാഭിപ്രായങ്ങള്‍ ലഭ്യമാക്കുക, ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനവ്യാപകമായി വികസനസദസ് സംഘടിപ്പിക്കുന്നത്.

കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്രനിര്‍മാര്‍ജന പദ്ധതി പ്രകാരം 29 പേരെ കണ്ടെത്തി ഇവര്‍ക്കായി പ്രത്യേകം മൈക്രോ പ്ലാന്‍ തയ്യാറാക്കി വിവിധ പദ്ധതികള്‍ നടപ്പാക്കി. പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ 233 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 19 വാര്‍ഡുകളിലും ഹരിത കര്‍മ്മസേന കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നു. 19 വാര്‍ഡുകളിലും 73 മിനി എംസിഎഫും, ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ബയോ കമ്പോസ്റ്റ് ബിന്‍, റിംഗ് കമ്പോസ്റ്റ്, പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് എന്നിവയും വീടുകളില്‍ സ്ഥാപിച്ചു. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. കണ്ണാടിപ്പാറ ശുദ്ധജലപദ്ധതി 45 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു.


ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ 48 അങ്കണവാടികള്‍ നവീകരിച്ചു. ഇതില്‍ 24 അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളാണ്. ഗതാഗതരംഗത്ത് 19 വാര്‍ഡുകളില്‍ 22.80 കോടി രൂപ ചെലവില്‍ പുതിയ റോഡുകളുടെ നിര്‍മ്മാണവും പഴയ റോഡുകളുടെ നവീകരണ പ്രവര്‍ത്തികളും പൂര്‍ത്തികരിച്ചു. സാമൂഹ്യക്ഷേമത്തിന് പ്രാധാന്യം നല്‍കി ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വനിതകള്‍, വയോജനങ്ങള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം, ആശ്രയ, അതിദരിദ്രര്‍,  എന്നിവര്‍ക്കും പ്രത്യേകം പദ്ധതികള്‍ തയാറാക്കി. പ്രദേശവാസികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന കരിമല ടൂറിസം പദ്ധതിക്കായി 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.പി മല്‍ക്ക, സാലി കുര്യാച്ചന്‍, സനില രാജേന്ദ്രന്‍, മേരി ജോര്‍ജ്, സുമംഗല വിജയന്‍, അച്ചാമ്മ ജോയി, അനീഷ് ബാലന്‍, ഷിനി സജീവന്‍, ജോബി ജോസഫ് കുന്നക്കാട്ട്, റാണി പോള്‍സണ്‍, പി.കെ കൃഷ്ണന്‍കുട്ടി, സി.കെ ജയന്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.എം ബേബി, സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് അംഗം ഷാജി കാഞ്ഞമല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ശ്രീകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.