പറപ്പറ്റ പാലം നാടിന് സമര്‍പ്പിച്ചു

അതിവേഗം വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറി : മന്ത്രി എം ബി രാജേഷ്
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മിച്ച കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.വികസന പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു .
ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കുകയാണ്. മാലിന്യ സംസ്‌കരണം, ഡിജി കേരളം, ലൈഫ് മിഷന്‍ പദ്ധതി എന്നിവയിലെല്ലാം മികച്ച നേട്ടമാണ് കേരളം നേടിയത്. പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിനൊപ്പം അത് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോടഞ്ചേരിയെയും ചെമ്പുകടവിനെയും ബന്ധിപ്പിച്ച് ചാലിപ്പുഴക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് നിര്‍മിച്ച വി.സി.ബിയാണ് ഇവിടെ യാത്രക്കായി ഉപയോഗിച്ചിരുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ ഇതിന് കേടുപാട് സംഭവിക്കുകയും ജലസേചനത്തിനും യാത്രക്കും ഭീഷണിയാവുകയും ചെയ്തു. തുടര്‍ന്നാണ് വി.സി.ബി പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 32.70 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 5.50 മീറ്റര്‍ കാര്യേജ് വേ ആണ് നല്‍കിയിട്ടുള്ളത്. കോടഞ്ചേരി ഭാഗത്ത് 144.50 മീറ്ററും ചെമ്പുകടവ് ഭാഗത്ത് 57.30 മീറ്ററും അപ്രോച്ച് റോഡും പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു.
പരിപാടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് പെരുമ്പള്ളി, സംഘാടക സമിതി ചെയര്‍മാന്‍ കെ എം ജോസഫ് മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.