നന്മണ്ട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

വികസന കാര്യത്തില്‍ കേരളം പുതുമാതൃകകള്‍ സൃഷ്ടിക്കുന്നു : മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട് നന്മണ്ട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിർവഹിച്ചു.നാടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വികസന നേട്ടങ്ങള്‍ എല്ലാ മേഖലകളിലും നടപ്പാക്കി പുതിയ വികസന മാതൃക സൃഷ്ടിക്കുകയാണ് കേരളമെന്ന് മന്ത്രി പറഞ്ഞു .
വികസനം താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമാണ്. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദര്‍ശനം, ചര്‍ച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. ഹരിത കര്‍മസേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്തിലെ സാംസ്കാരിക നിലയം നവീകരിക്കുക, ഇടവിള കൃഷി വ്യാപകമാക്കാന്‍ പദ്ധതി ആവിഷ്കരിക്കുക, ലഹരി നിര്‍മാര്‍ജനത്തിന് പദ്ധതികള്‍ ഒരുക്കുക, റോഡുകള്‍ക്കൊപ്പം അഴുക്കുചാല്‍ സംവിധാനവും കാര്യക്ഷമമാക്കുക, വയോജനക്ഷേമ പദ്ധതികള്‍ മെച്ചപ്പെടുത്തുക, പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷും സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് റിസോഴ്സ് പേഴ്സണ്‍ കെ സജിനയും അവതരിപ്പിച്ചു.
നന്മണ്ട ഇ കെ നായനാര്‍ സ്മാരക ഓപണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന് ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജന് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ പ്രതിഭ രവീന്ദ്രന്, കുണ്ടൂര്‍ ബിജു, വിജിത കണ്ടികുന്നുമ്മല്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ രാജന് മാസ്റ്റര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി കെ സാവിത്രി, അസി. സെക്രട്ടറി കെ എം മുംതാസ്, ഡോ. കെ ദിനേശന് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നടപ്പാക്കിയത് നിരവധി മാതൃകാ പദ്ധതികള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭവനരഹിതരായ 245 പേരില്‍ 213 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്തിനായി. ബാക്കിയുള്ളവരുടെ ഭവന പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയിലൂടെ 23,70,09,800 രൂപ ഗുണഭോക്താക്കള്‍ക്ക് നല്കി. ഗ്രാമപഞ്ചായത്തില്‍ അതിദരിദ്രരായ 115 കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങള്‍ ലഭ്യമാക്കുകയും അതിദാരിദ്ര്യമുക്ത പഞ്ചായത്തായി മാറ്റുകയും ചെയ്തു. വനിതാഘടക പദ്ധതികള്‍ക്കായി അഞ്ച് വര്‍ഷത്തിനിടെ 77,35,700 രൂപയും ശുചിത്വ-മാലിന്യ സംസ്കരണ മേഖലകളില്‍ 1,92,86,000 രൂപയും ചെലവഴിച്ചു.
മൃഗസംരക്ഷണ മേഖലയില്‍ വരുമാന വര്‍ധനവും തൊഴിലും ഭക്ഷ്യ സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. ആട്, പോത്തുകുട്ടി, മുട്ടഗ്രാമം (കോഴിവളര്‍ത്തല്‍), കിടാരി, കറവപശു എന്നിവ വിതരണം ചെയ്യാന്‍ 81,98,000 രൂപ ചെലവഴിച്ചു. 28 കുടിവെള്ള പദ്ധതികളുടെ നവീകരണത്തിലൂടെയും നിര്‍മാണത്തിലൂടെയും ജല്‍ജീവന്‍ പദ്ധതിയിലൂടെയും ഗ്രാമപഞ്ചായത്തിലെ 7,100 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ സാധിച്ചു. പാലിയേറ്റീവ് സേവനം ആവശ്യമുള്ള 116 രോഗികള്‍ക്ക് സേവനം നല്‍കാനും പഞ്ചായത്തിനായി.