മണിയൂര്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂൾ കെട്ടിടം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സമത്വത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാറ്റത്തിന്റെ ആയുധം വിദ്യാഭ്യാസമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തി കേരളത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റും. ഗ്രാമീണ മേഖലകളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും അവസരങ്ങളും നല്‍കി സമൂഹത്തിന്റെ അടിത്തറ ദൃഢമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളുടെ ശക്തി തെളിയിക്കുന്ന വിദ്യാലയങ്ങള്‍ക്കുള്ള ഉദാഹരണമാണ് മണിയൂര്‍ സ്‌കൂളെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിത ഹൈസ്‌കൂൾ കെട്ടിടം, പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ചുകിട്ടിയ രണ്ട് കോടി രൂപ വിനിയോഗിച്ച് നിർമിച്ച രണ്ടാം നില എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മുഖ്യതിഥിയായി, സാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ്, തൊടങ്ങൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി രാഘവന്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രമോദ് മൂഴിക്കല്‍, ടി പി ശോഭന, ഡി ഡി ഇ ടി അസീസ്, ആര്‍ ഡി ഡി ആര്‍. രാജേഷ് കുമാര്‍, ഡി ഇ ഒ ഗീത ഹരിദാസ്, പ്രിന്‍സിപ്പാള്‍ ടി കെ രാജീവ് കുമാര്‍, ഹെഡ്മാസ്റ്റര്‍ രാജീവന്‍ വളപ്പില്‍കുനി, പി ടി എ പ്രസിഡന്റ് കെ പി അനീഷ്, എസ് എം സി ചെയര്‍പേഴ്‌സണ്‍ സുനില്‍ മുതുവന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.