വാകയാട് ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം

വിദ്യാലയങ്ങളില്‍ മതസൗഹാര്‍ദവും സ്‌നേഹവും നിലനില്‍ക്കണം:മന്ത്രി വി ശിവന്‍കുട്ടി
ഒരു കോടി രൂപ ചെലവഴിച്ച് കോഴിക്കോട് വാകയാട് ഗവ.എല്‍ പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളില്‍ മതസൗഹാര്‍ദവും സ്‌നേഹവും നിലനില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു .
അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട വാകയാട് ജിഎല്‍പി സ്‌കൂള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പടുത്തുയര്‍ത്തിയതാണ്. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സമ്മതിക്കില്ലെന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കുതിപ്പിന് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലക്ക് സാധിച്ചു. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് ഒരുമാസം മുന്‍പ് തന്നെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3.80 കോടി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. പഠനത്തില്‍ പുറകോട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നല്ല അന്തരീക്ഷത്തില്‍ വീണ്ടും പഠിപ്പിച്ച് മുന്‍നിരയില്‍ എത്തിക്കണം. ആരെയും തോല്‍പ്പിക്കില്ല എന്ന നിലപാട് പ്രവര്‍ത്തികമാക്കാന്‍ ഈ പഠനരീതി സഹായിക്കും. അടുത്ത വര്‍ഷം മുതല്‍ ഒരു വിദ്യാര്‍ത്ഥി ഒരു കായിക ഇനമെങ്കിലും പഠിച്ചിരിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന ഇടപെടല്‍ നടപ്പിലാവുകയാണെന്നും മന്ത്രി പറഞ്ഞു.
കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതനപ്പറ്റ, വാര്‍ഡ് മെമ്പര്‍ ബിന്ദു കൊല്ലരുകണ്ടി, പേരാമ്പ്ര എ ഇ ഒ കെ വി പ്രമോദ്, പ്രധാനാധ്യാപിക പ്രമീള ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.