വളയം ടൗണ്‍ സൗന്ദര്യവത്കരണം മന്ത്രി ഉദ്ഘാടനം ചെയ്തു

post

ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു -മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വളയം ടൗണ്‍ സൗന്ദര്യവത്കരണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച റോഡുകളൊരുക്കാന്‍ എല്ലാ രീതിയിലും സര്‍ക്കാര്‍ ഇടപെടും. പശ്ചാത്തല വികസന മേഖലയില്‍ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

രണ്ടര കോടി അടങ്കല്‍ തുക വിനിയോഗിച്ചാണ് ടൗണ്‍ നവീകരിച്ചത്. വീതികൂടിയ റോഡ്, ഇന്റര്‍ലോക്ക്, നടപ്പാത, പാര്‍ക്കിങ് ഏരിയ, കൈവരി, വൈദ്യുത അലങ്കാരവിളക്കുകള്‍, പെയിന്റിങ്, പൂന്തോട്ടം, സെല്‍ഫി പോയിന്റ്, പുതിയ അഴുക്കുചാല്‍ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായി.

വളയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ അരുണ്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി അംബുജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി വിനോദ്, സ്വാഗതസംഘം കണ്‍വീനര്‍ കെ എന്‍ ദാമോദരന്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികളായ സി ബാലന്‍, ഒ പ്രേമന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എഞ്ചിനീയര്‍ സി ബി നളിന്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.