ചേന്ദമംഗല്ലൂര്‍ ഗവണ്മെന്റ് യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ കായിക പഠനം നിര്‍ബന്ധമാക്കും : മന്ത്രി വി ശിവന്‍കുട്ടി


കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏതെങ്കിലും ഒരു കായികയിനം വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന നിബന്ധന കൊണ്ടുവരുമെന്നും അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നുംമന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ മാനസികവും ശരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നുകൊണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളായി പരിഗണിക്കണം. ശാസ്ത്രസാങ്കേതിക വിദ്യ ജീവിതത്തിന്റെ നാനാ തുറകളിലും ആവശ്യമാകുന്ന കാലത്ത് അധ്യാപകര്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള പരിശീലനം കാര്യക്ഷമമായി തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ മത സൗഹാര്‍ദ ചരിത്രമുള്ള ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളില്‍ ഒന്നാണ് 1200 കുട്ടികള്‍ പഠിക്കുന്ന ചേന്ദമംഗല്ലൂര്‍ സ്‌കൂളെന്നും കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ നാട്ടുസത്കാരം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബിയിലൂടെ അനുവദിച്ച 3.9 കോടി രൂപക്കാണ് ചേന്ദമംഗല്ലൂര്‍ യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മൂന്നു നിലകളിലായി ഓഫീസ്, ലൈബ്രറി, ഏഴ് ക്ലാസ്സ് റൂമുകള്‍, ഹാള്‍, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം ഊരാളുങ്കല്‍ സൊസൈറ്റിയാണ് പൂര്‍ത്തിയാക്കിയത്.

ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ മുക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെപി ചാന്ദ്‌നി, സ്ഥിരം സമിതി അധ്യക്ഷരായ സത്യനാരായണന്‍, പ്രജിതാ പ്രദീപ്, നഗരസഭ കൗണ്‍സിലര്‍മാരായ അബ്ദുള്‍ ഗഫൂര്‍, അശ്വതി സനൂജ്, കെ ബിന്ദു, ജോഷില സന്തോഷ്, സാറ കൂടാരം, എം മധു, റംല ഗഫൂര്‍, ഫാത്തിമ കൊടപ്പന, നഗരസഭ സെക്രട്ടറി കൃഷ്ണ ഗോപാല്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഒളിമ്പിക്‌സ് ജൂഡോ യോഗ്യത ലഭിച്ച എ കെ ആരാധ്യരാജ്, സ്‌കൂള്‍ കെട്ടിട ആര്‍ക്കിടെക്ചര്‍ ഡിസൈനര്‍ അഭിരാം മനോജ്, ഊരാളുങ്കല്‍ എന്‍ജിനീയര്‍മാര്‍ എന്നിവരെ പരിപാടിയില്‍ മന്ത്രി ആദരിച്ചു.

ഓര്‍മകള്‍ പുതുക്കി നാട്ടുസല്‍ക്കാരം

പഴയകാല ഓര്‍മകള്‍ പുതുക്കാനുള്ള വേദിയായി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാരെയും പൂര്‍വ വിദ്യാര്‍ഥികളെയും മുന്‍ അധ്യാപകരെയും പങ്കെടുപ്പിച്ച് പിടിഎ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടത്തിയ നാട്ടുസല്‍കാരം. മുന്‍ കാലങ്ങളില്‍ വടക്കന്‍ കേരളത്തില്‍ വിവാഹം, ഗൃഹപ്രവേശം എന്നിവയോടനുബന്ധിച്ചും അല്ലാതെയും നടത്തി വന്നിരുന്ന അനൗപചാരിക സമ്പത്തിക ഇടപാടായ നാട്ടുസല്‍ക്കാരം (കുറിക്കല്യാണം) സംഘടിപ്പിച്ചതിലൂടെ ലഭിച്ച തുക സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഉപയോഗിക്കുക.

നാട്ടുസല്‍കാരം മാതൃകാപരമാണെന്ന് കെട്ടിട ഉദ്ഘാടന വേളയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മറ്റ് സ്‌കൂളുകള്‍ക്ക് ഇത് പിന്തുടരാവുന്നതാണെന്നും മന്ത്രി പറഞ്ഞു. പഴയകാല നാട്ടാചരങ്ങള്‍ ഓര്‍മിപ്പിച്ച പരിപാടി സൗഹൃദം പുതുക്കുന്നതിനും നാട്ടിലെ ജനങ്ങള്‍ക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സഹായകമായെന്ന് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ വാസു പറഞ്ഞു.