പത്തനാപുരം ഗ്രാമപഞ്ചായത്തിൽ വികസന സദസ് ചേർന്നു

പത്തനാപുരം ബ്ലോക്കിന് പുതിയ കെട്ടിടം നിര്‍മിക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
കൊല്ലം പത്തനാപുരം ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘാടനം കല്ലുംകടവ് ന്യൂ മംഗല്യ ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിർവഹിച്ചു.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 4.5 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു .
നീന്തല്‍ പരിശീലനത്തിന് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സ്പോര്‍ട്സ് ഹബിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. പത്തനാപുരം ബൈപ്പാസ് ഉടനെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി ബി പ്രശാന്ത് അവതരിപ്പിച്ചു. പഞ്ചായത്തിലെ അതിദാരിദ്ര്യ വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, തൊഴില്‍ എന്നിവ ലഭ്യമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലൈഫ് ഭവന പദ്ധതിയിലൂടെ പൊതുവിഭാഗത്തില്‍ 237, പട്ടികജാതി വിഭാഗത്തില്‍ നിന്ന് 82 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. പത്തനാപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി ഒരുക്കി. കിടപ്പ് രോഗികള്‍ക്കായി സാന്ത്വന പരിചരണ പദ്ധതി, വയോജനങ്ങള്‍ക്കായി വയോമിത്രം, വനിതകളുടെ ആയുര്‍വേദ പരിരക്ഷയ്ക്ക് സൂതികാമൃതം പദ്ധതി എന്നിവ നടപ്പാക്കി. പഞ്ചായത്ത് ഷോപ്പിംഗ് മാള്‍ നിര്‍മാണം പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, സ്‌കോളര്‍ഷിപ്പ്, പഠനംമുറി എന്നിവയും ലഭ്യമാക്കി.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി അധ്യക്ഷനായി. സെക്രട്ടറി ബി പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമാ ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുലോചന, സ്ഥിരംസമിതി അധ്യക്ഷരായ എ.ബി അന്‍സാര്‍, കെ വൈ സുനറ്റ്, ബല്‍ക്കീസ് ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.