പട്ടാഴി വികസനസദസ് ; വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ ആദരിച്ചു

കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് വികസനസദസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
പട്ടാഴി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മികച്ചനിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് മന്ത്രി പറഞ്ഞു.സ്മാര്‍ട്ട് അംഗനവാടികള്‍, റോഡുകള്‍, കുടിവെള്ളം തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ ആദരിച്ചു.
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി 8.35 കോടി രൂപയും അല്ലാത്തവയ്ക്ക് നിര്‍മ്മാണത്തിനായി 3.75 കോടി രൂപയും നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 117 വീടുകള്‍ നല്‍കി. കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സോളാര്‍ വേലി സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പിലാക്കി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 41 പദ്ധതികള്‍ക്കായി 36 ലക്ഷം രൂപ ലഭ്യമാക്കി.
കിഫ്ബി സഹായത്തോടെ ഗ്രാമപഞ്ചായത്തില്‍ ഒരുകോടി രൂപയുടെ വാതക ശ്മശാനം ലഭ്യമാക്കി. പട്ടാഴി പി എച്ച് സി ക്ക് ആവശ്യമായ ലാബ് സൗകര്യങ്ങള്‍, മരുന്നുകള്‍, 12 ലക്ഷം രൂപയുടെ ജനറേറ്റര്‍ ലഭ്യമാക്കി. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി 4.25 കോടി രൂപ ചെലവഴിച്ചു. പദ്ധതി വഴി സ്മാര്‍ട്ട് സ്‌കൂള്‍, സ്മാര്‍ട്ട് അംഗനവാടികള്‍ക്ക് വേണ്ടി ആറു കോടി രൂപ നല്‍കി. സമ്പൂര്‍ണ്ണ വെളിച്ചം പദ്ധതി വഴി 4000 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഐ.അനിതകുമാരി അവതരിപ്പിച്ചു.
ഹരിതകര്‍മ്മ സേനാംഗങ്ങളെ അധ്യക്ഷനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അശോകന്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള, സ്ഥിരം സമിതി അംഗങ്ങളായ സജീവ് കല്ലൂര്‍, ജെയിന്‍ ജോയ്, പഞ്ചായത്ത് അംഗങ്ങളായ അനി മാത്യു, രമ്യ ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.