മേലില ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

post

എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിച്ചു: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

കൊല്ലം ചെങ്ങമനാട് തരകന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന മേലില ഗ്രാമപഞ്ചായത്ത് വികസനസദസ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.മേലില ഗ്രാമപഞ്ചായത്തിലെ എല്ലാ പൗരന്മാര്‍ക്കും കുടിവെള്ള കണക്ഷന്‍ എത്തിച്ചതായി മന്ത്രി പറഞ്ഞു .

സമാനകളില്ലാത്ത വികസനപ്രവര്‍ത്തങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.

മേലില പഞ്ചായത്തിലെ 35 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ഒരുക്കി. ലൈഫ് പദ്ധതിയുടെ ഭാഗമായി 206 വീടുകള്‍ പൂര്‍ത്തിയാക്കി. പഞ്ചായത്തിലെ 100 ശതമാനം വീടുകളിലും മാലിന്യശേഖരണം ഉറപ്പാക്കി. മികച്ച ഭരണനിര്‍വഹണത്തിന് പഞ്ചായത്തിന് ഐ.എസ്.ഒ പദവിയും ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒരു കുടകീഴില്‍ കൊണ്ടുവരുന്ന ഐ.എല്‍.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം) സേവനങ്ങള്‍ നല്‍കുന്നതില്‍ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും നേടി.

മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബി ഷാജി അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയവരെയും പി.എച്ച്.സി. സബ് സെന്ററിനും അംഗന്‍വാടികള്‍ക്കുമായി സൗജന്യമായി ഭൂമി വിട്ടുനല്‍കിയ ഉടമകളെയും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 30 ഹരിതകര്‍മസേനാംഗങ്ങളെയും മന്ത്രി ആദരിച്ചു. വികസന സദസിനോടനുബന്ധിച്ച് തൊഴില്‍ മേളയും സംഘടിപ്പിച്ചു. മേലില ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജോമോന്‍, സെക്രട്ടറി പ്രിയ സുരേഷ്, സ്ഥിരംസമിതി അധ്യക്ഷരായ താര സജികുമാര്‍, പി ശ്രീജ, ആര്‍ ഗോപിക, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ റെനിമോള്‍ മോനച്ചന്‍, എന്‍ അനില്‍കുമാര്‍, വി ആര്‍ ജ്യോതി, ഡി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.