വിളക്കുടി വികസന സദസ് സംഘടിപ്പിച്ചു

post

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തിലെ വികസന സദസ് കുന്നിക്കോട് സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പത്തനാപുരം താലൂക്ക് ആശുപത്രിയുടെനിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.കുന്നിക്കോട്, ഇളമ്പല്‍, വിളക്കുടി തുടങ്ങി പത്തനാപുരം മണ്ഡലത്തിലെ  നൂറിലധികം കുട്ടികള്‍ പഠിക്കുന്ന  എല്ലാ സ്‌കൂളുകള്‍ക്കും കെട്ടിടമായി. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഓടും ഷീറ്റും ഇട്ടിരുന്ന എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് ആയതോടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമായി. അത്യാധുനിക സൗകര്യങ്ങളോടുള്ള നെടുവന്നൂര്‍ ഫയര്‍ സ്റ്റേഷന്റെ  ഉദ്ഘാടനം ഉടന്‍ നടക്കും.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടടുക്കുകയാണ്. സര്‍ക്കാരും വിവിധ ജനപ്രതിനിധികളുംചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ച് ജനങ്ങളുമായി സംവദിക്കാനാണ് വികസന സദസ് എന്നും മന്ത്രി പറഞ്ഞു.

വികസനരേഖ മന്ത്രി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവന് നല്‍കി പ്രകാശനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജീന തോമസ് അധ്യക്ഷയായി. തദ്ദേശസ്ഥാപനതല റിപ്പോര്‍ട്ട്  വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.ജയകുമാര്‍ അവതരിപ്പിച്ചു.

അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി 23 ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം ലഭ്യമാക്കി വരുന്നു. അതിദരിദ്രരില്‍ രണ്ട് പേര്‍ക്ക് വീട് നല്‍കി രണ്ടുപേര്‍ക്ക് വീടും വസ്തുവും നല്‍കാന്‍ എഗ്രിമെന്റ് വച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 386 ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയും 32 ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങി നല്‍കുകയും ചെയ്തു. 2009 ല്‍ വിളക്കുടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 1720 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 165 പേര്‍ക്കാണ് പദ്ധതി വഴി തുടര്‍ പരിചരണം നല്‍കി വരുന്നത്. ഗ്രാമപഞ്ചായത്തിലെ 6 എല്‍ പി സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി വിജയകരമായി നടത്തിവരുന്നു. വൃത്തിയോടെ വിളങ്ങാന്‍ വിളക്കുടി എന്ന ക്യാമ്പയിനിലൂടെ കുന്നിക്കോട് വലിയതോട് ശുദ്ധീകരിച്ചു.  

മാലിന്യനിക്ഷേപം രൂക്ഷമായപ്രദേശങ്ങള്‍ ഹോട്ട്‌സ്പോട്ടാക്കി 4.5 ലക്ഷം രൂപ ചിലവഴിച്ച് ക്യാമറകള്‍ സ്ഥാപിച്ചു. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ആറ് കുടുംബക്ഷേമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. നിര്‍ധനരായ രോഗികള്‍ക്കും 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലാബ് സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു. വാഴകൃഷി വികസനം, തേനീച്ച കൃഷി, മട്ടുപ്പാവ് കൃഷി, നെല്‍കൃഷി തുടങ്ങി കാര്‍ഷിക മേഖലയുടെ വികസനത്തിനായി  5654403 രൂപ ചിലവഴിച്ചിട്ടുണ്ടെന്നും തുടങ്ങി നിരവധി പദ്ധതികള്‍ വികസന സദസില്‍ ജനസമക്ഷം അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ബി ഷംനാദ്, പൊതുചര്‍ച്ചയ്ക്കും ക്രോഡീകരണത്തിനും നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം അനന്തുപിള്ള, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വിജയന്‍, വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്‍ ശ്രീകല, എ.ഷിബുദ്ദീന്‍, സൗമ്യ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  എന്‍.അനില്‍കുമാര്‍, ധന്യ പ്രദീപ്, ആര്‍.ബിജുമോന്‍, രേഖാ വിനു, ബി.വിഷ്ണു, സുനി സുരേഷ്, ലീന സുരേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.