കുളക്കട വികസന സദസ് സംഘടിപ്പിച്ചു

കുളക്കട ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് നിര്‍മിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം കുളക്കട ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് മാവടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പൂവറ്റൂര്‍ സി.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണവും ഉടന്‍ ആരംഭിക്കും. ഇഞ്ചക്കാട്, നെടുവത്തൂര്‍, എഴുകോണ്‍ എന്നിവിടങ്ങളില്‍ മാര്‍ക്കറ്റ് സമുച്ചയങ്ങള്‍ വിപണികളില്‍ പുതിയ കെട്ടിടം നിര്‍മിക്കും. വിജ്ഞാനകേരളം പദ്ധതി വഴി നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സദസില്‍ അതിദാരിദ്ര്യമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വികസന പുരോഗതി അടയാളപ്പെടുത്തുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
കുളക്കട ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതി വഴി 212 വീടുകള്‍ നല്‍കി. അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷ്യക്കിറ്റ് നല്‍കുന്നു. പട്ടികയിലെ രണ്ടു ഗുണഭോക്താക്കള്‍ക്ക് ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൗള്‍ട്രി ഫാം തുടങ്ങുന്നതിനായി 80,000 രൂപ നല്‍കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ തരിശുനിലങ്ങള്‍ 'വല്ലംനിറ' പദ്ധതി ആവിഷ്‌കരിച്ച് കൃഷിയോഗ്യമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മൈതാനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും സദസില്‍ വ്യക്തമാക്കി.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹരിത കര്‍മസേനാംഗങ്ങളെ ആദരിച്ചു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.ബീന, കുളക്കട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ.അജി, കോട്ടയ്ക്കല്‍ രാജപ്പന്‍, ടി.മഞ്ജു, ജയകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി റെജി, എസ്. സന്ധ്യ, കവിത ഗോപകുമാര്‍, ശ്രീജ, ജി.രഘു, ഒ.ഷീലകുമാരി, പി.ടി ഇന്ദുകുമാര്‍, കെ.രതി, ടി.ഗീത, കുളക്കട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ബി സന്ധ്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രീത, കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഐ. ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.