പുത്തന്‍ ആശയങ്ങളുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്

ആരോഗ്യ, കാര്‍ഷിക, മൃഗസംരക്ഷണ, പശ്ചാത്തല വികസന മേഖലകളില്‍ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും പുതിയ ആശയങ്ങള്‍ പങ്കുവെച്ചും പുരോഗമിച്ച സദസ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി അവാര്‍ഡ് ലഭിച്ച പി ജെ തോമസ്, മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്രം, പൊന്നാങ്കായം, പുല്ലൂരാംപാറ ജനകീയരോഗ്യകേന്ദ്രം ജീവനക്കാര്‍, പാലിയേറ്റീവ് പ്രവര്‍ത്തക ലിസി സിസ്റ്റര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പോഷണ്‍ മാ പരിപാടിയുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ്സ്, പോഷണ പ്രദര്‍ശനം, പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, കെ സ്മാര്‍ട്ട് ക്ലിനിക് എന്നിവ സദസിന്റെ ഭാഗമായി നടന്നു.
ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കല്‍, വാര്‍ഡ് അംഗം കെ എം മുഹമ്മദാലി, പഞ്ചായത്ത് സെക്രട്ടറി എസ് ശരത് ലാല്‍, റിസോഴ്‌സ് പേഴ്‌സണ്‍ ജോസ് കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് സി റീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രീതി രാജീവ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ, സാന്ത്വന ചികിത്സ രംഗങ്ങളില്‍ ദേശീയ അംഗീകാരമടക്കം വലിയ നേട്ടങ്ങളാണ് പഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമാക്കാനും പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിച്ചു ചട്ടം ഉണ്ടാക്കാനുമായി. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ ആരംഭം തിരുവമ്പാടി പഞ്ചായത്ത് പരിധിയിലാണ്. തുരങ്കപാത നിര്‍മ്മാണം പഞ്ചായത്തിന്റെ വളര്‍ച്ചയില്‍ വലിയ കരുത്താകുമെന്ന ചര്‍ച്ചകളും നടന്നു.
കാര്‍ഷിക മേഖലാ, മൃഗ സംരക്ഷണ മേഖല - കന്നുക്കുട്ടി -കോഴി വളര്‍ത്തല്‍, ഫാം ടൂറിസം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കുകയെന്ന നയമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റേത്. നടപ്പിലാക്കിയ വികസനങ്ങളും നിര്‍ദ്ദേശങ്ങളും സദസില്‍ ചര്‍ച്ച ചെയ്തു. ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ വ്യക്തികള്‍ വികസന സദസില്‍ എഴുതി നല്‍കി.