തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് കൊല്ലം ജില്ലയിലെ പ്രശ്നബാധിത (സെന്‍സിറ്റീവ്) പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍പ്രകാരം കണ്ടെത്തുന്ന ബൂത്തുകളിലാണ് ക്രമീകരിക്കുക. പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക ഒക്ടോബര്‍ 21നകം സമര്പിക്കാന് എല്ലാ ആര്.ഒ.മാര്‍ക്കും എ.ആര്.ഒ.മാര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്കി.
മുന്‍തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രവണത/പാറ്റേണുകള്‍ പരിശോധിച്ച് വളരെകൂടുതലായ വോട്ടിങ് ശതമാനവും (90% മുകളില്‍) അല്ലെങ്കില്‍ ഒരു സ്ഥാനാര്ഥിക്ക്മാത്രം വളരെഉയര്‍ന്ന വോട്ടുശതമാനവും (75% കൂടുതല്‍) ഉണ്ടാകുക, 10 ശതമാനത്തില്‍ കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സ്റ്റേഷനുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍, ക്രമക്കേടുകള്‍, റീ-പോളുകള്‍ ഉണ്ടായ ബൂത്തുകള്‍ തുടങ്ങിയവ പരിശോധിക്കണം. ബൂത്ത് പിടിച്ചെടുപ്പ്, അല്ലെങ്കില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍, വോട്ടര്‍മാരെ തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടായ ബൂത്തുകള്‍, സ്ഥിരമായി രാഷ്ട്രീയഅസ്ഥിരതയുള്ള പ്രദേശങ്ങള്‍, വോട്ടെടുപ്പിന്റെ ദിവസങ്ങളില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയ സംഭവങ്ങള്‍ എന്നിവ കണ്ടെത്തണം.
ന്യൂനപക്ഷങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗം,മതപരം/ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍, സാമൂഹ്യ-സാമ്പത്തിക പിന്നാക്കമായ മേഖലകള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധചെലുത്തണം. പ്രാദേശികമായി ശക്തിപ്രാപിച്ച വ്യക്തികള്‍, പണവും ആള്‍ക്കരുത്തും കൊണ്ട് സ്വാധീനംചെലുത്താന്‍ കഴിയുന്നസംഘങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ഭൗമശാസ്ത്രപരമായ/എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങള്‍, വനമേഖലകള്‍, ഗതാഗത/സംവേദനസൗകര്യങ്ങള് കുറവുള്ള പ്രദേശങ്ങള്‍, മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകള്‍ തുടങ്ങിയവ പരിശോധിക്കണം.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, ശല്യംചെയ്യല്‍ തുടങ്ങിയ പരാതികള്‍, തിരഞ്ഞെടുപ്പ്പ്രചാരണവുമായി ബന്ധപ്പെട്ട് സ്വകാര്യസ്വത്തുവകകള്‍ നശിപ്പിച്ച സംഭവങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ളശല്യങ്ങള് എന്നിങ്ങനെ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മാതൃകപെരുമാറ്റച്ചട്ടം നിരന്തരംലംഘിക്കുന്ന പ്രദേശങ്ങളിലും പ്രശ്നസാധ്യത ബൂത്തുകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. വോട്ടെടുപ്പിന് മുന്‍പോ ശേഷമോ ഉണ്ടായ കുറ്റകരമായ പെരുമാറ്റം, ഭീഷണി, വോട്ടിനായി പണം നല്കല് തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച പ്രദേശങ്ങള്‍ സംബന്ധിച്ചും കൃത്യമായ പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, റിട്ടേണിംഗ് ഓഫീസര്‍മാര്‍, എ.ആര്.ഒമാര്‍, സൂപ്രണ്ട് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.