ചിക്കന്‍ പോക്‌സ് : ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ്

post

ചിക്കന്‍പോക്‌സ് ബാധയ്‌ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ക്ഷീണം, ശരീരവേദന, ശരീരത്തില്‍ കുമിളകള്‍ പൊങ്ങുക, വിശപ്പില്ലായ്മ, തലവേദന എന്നീ ലക്ഷണങ്ങളോടെയുള്ള ചിക്കന്‍പോക്‌സ് ആണ് കണ്ടെത്തിയിട്ടുള്ളത്. ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. രോഗ ലക്ഷണങ്ങള്‍ നാലു മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്‍ക്കും.

പ്രധാന ലക്ഷണങ്ങളില്‍ ശരീരത്തില്‍ അവിടവിടെയായി കാണപ്പെടുന്ന ദ്രാവകംനിറഞ്ഞ കുമിളകള്‍ ഉള്‍പ്പെടും. ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടും. വായയുടെഉള്ളിലോ കണ്‍പോളകളിലോ ജനനേന്ദ്രിയത്തിലോ ഉള്‍പ്പെടെ ശരീരംമുഴുവന്‍ സാധ്യതയുണ്ട്. കുമിളകള്‍ പൊങ്ങുന്നതിന് ഒന്ന് രണ്ട് ദിവസം മുന്‍പും ഉണങ്ങുന്നത് വരെയും രോഗംപകരാം.

കുമിളകള്‍  പൊറ്റകളായിമാറാന്‍ ഒരാഴ്ചയാകും. രോഗം ഗുരുതരമായാല്‍ ശ്വാസകോശത്തില്‍ അണുബാധ, തലച്ചോറില്‍ അണുബാധ,  രക്തത്തില്‍ അണുബാധ എന്നിവ ഉണ്ടാകാം.  ഇത്തരത്തില്‍  അണുബാധസാധ്യത ഉള്ളതിനാല്‍ എല്ലാകേസുകളും അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ശാസ്ത്രീയ ചികിത്സ ഉറപ്പാക്കണം.  നേരത്തെ രോഗംവന്ന രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗാവസ്ഥയായും പ്രത്യക്ഷപ്പെടാമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു.