വെട്ടിക്കവല പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കൊല്ലം വെട്ടിക്കവല എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സദസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.

പഞ്ചായത്തിലെ വിവിധ ഗ്രാമീണറോഡുകള്‍ നവീകരിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന തലച്ചിറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പഞ്ചായത്ത്പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയതോടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിച്ചു. എട്ട് പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ നവീകരിച്ചു.പുതിയ സബ്‌സെന്ററുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതിദാരിദ്ര്യമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വികസനരേഖയും പ്രകാശനംചെയ്തു.

അതിദാരിദ്ര്യപട്ടികയില്‍ഉള്‍പ്പെട്ട 62 ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം,മരുന്ന്, ഭവനം എന്നിവ ഉറപ്പാക്കി. ലൈഫ് പദ്ധതി വഴി 156 പേര്‍ക്ക് വീട് നല്‍കി. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീരോല്‍പാദന സംഘങ്ങളില്‍ പാലളക്കുന്ന എല്ലാക്ഷീരകര്‍ഷകര്‍ക്കും സബ്‌സിഡി നല്‍കുന്നു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മികച്ച നിലയില്‍ തലച്ചിറ കേന്ദ്രമാക്കി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ 460963 രൂപ ചെലവഴിച്ച് വെട്ടിക്കവല സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഭിന്നശേഷിസൗഹൃദകേന്ദ്രം സജ്ജമാക്കിയെന്നും വ്യക്തമാക്കി.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് അധ്യക്ഷനായി. ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ കില റിസോഴ്‌സ് പേഴ്‌സണ്‍  പി.അനില്‍കുമാര്‍ അവതരിപ്പിച്ചു. വെട്ടിക്കവല തണല്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ഗ്രാമപഞ്ചായത്ത് അംഗം എസ് ഷാനവാസ് ഖാന്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ആശാ ബാബു, അനോജ് കുമാര്‍, തങ്കമ്മ എബ്രഹാം, ഗീതാ മോഹന്‍ കുമാര്‍, കുഞ്ഞുമോള്‍ രാജന്‍, ഉഷ പ്രസാദ്, അനിമോന്‍ കോശി, കെ.രാമചന്ദ്രന്‍ പിള്ള, എം.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.