നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം കൃത്യമായി വിനിയോഗിച്ച്  കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനം നടപ്പാക്കിയെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷനായി. പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം  ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ താമരാച്ചാലില്‍ മുഖ്യ പ്രഭാഷണം നടത്തി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ തോമസ് ടി. മാര്‍ടിന്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എ ആര്‍ ശാന്തകുമാറും വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ടും അവതരിപ്പിച്ചു.

അതിദരിദ്രരെ കണ്ടെത്തി ഭക്ഷണം, വീട്, മരുന്ന് ചികിത്സ സഹായം എന്നിവ ഉറപ്പാക്കി.  ലൈഫ് മിഷന്‍ വഴി 117 പേര്‍ക്ക് വീട് നല്‍കി. 33 വീട് നിര്‍മാണം പുരോഗമിക്കുന്നു. ടേക്ക് എ ബ്രേക്ക്, പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്ത്, ബിന്‍, ഉറവിട മാലിന്യ സംസ്‌കരണം, ബയോബിന്‍ വിതരണം, സോക്ക് പിറ്റ്, ശൗചാലയങ്ങളുടെ പുനര്‍നിര്‍മാണം, സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ തുടങ്ങിയവയിലൂടെ മാലിന്യ സംസ്‌കരണ രംഗത്ത് ശക്തമായ ഇടപെടല്‍ പഞ്ചായത്ത് നടത്തി. റോഡ് നിര്‍മാണം, സ്‌കൂള്‍, അങ്കണവാടി, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം  സാധ്യമാക്കി. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് സേഫ് പദ്ധതിയിലൂടെ വീട് നവീകരിച്ച് നല്‍കി. കാര്‍ഷികമേഖലയില്‍ സമഗ്ര നെല്‍കൃഷി വികസനത്തിനായി 42 ലക്ഷം രൂപ ചെലവഴിച്ചു. 20 വര്‍ഷമായി തരിശ് കിടന്നിരുന്ന നെടുമ്പ്രം വെസ്റ്റ് പാടശേഖരത്തില്‍ ജലസേചന, കൃഷി വകുപ്പുകളുടെ സഹായത്തോടെ കൃഷി ആരംഭിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കി.

പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. കൃഷിക്ക് ലഭിക്കുന്ന സഹായത്തിനൊപ്പം മണ്ണ് പരിശോധിക്കുന്നതിന് സംവിധാനം, കുമ്മായത്തിനു പകരം ഡോളോമൈറ്റ് ലഭ്യമാക്കുക, തോടുകളില്‍ ജലസഞ്ചാരം സുഗമമാക്കാന്‍ എക്കല്‍ നീക്കം ചെയ്യുക, വെള്ളപൊക്ക സമയത്ത് വെള്ളം കയറി യാത്ര ദുസഹമാകുന്ന അമിച്ചകരി -ചാത്തങ്കരി റോഡ് ഉയര്‍ത്തുക, പഞ്ചായത്തില്‍ മാലിന്യ നിക്ഷേപം തടയുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു.

വികസന സദസിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ക്ലിനിക്കും കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടത്തുന്ന ഹയര്‍ ദ ബെസ്റ്റ് പ്ലാറ്റ്ഫോമിലൂടെ തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്ട്രേഷന്‍ കാമ്പയിനും സംഘടിപ്പിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയും സഹായവും നല്‍കിയ വ്യക്തികള്‍ എന്നിവരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍കുമാര്‍,  ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേര്‍ലി ഫിലിപ്പ്, ജെ. പ്രീതിമോള്‍, എന്‍ എസ് ഗിരീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, പി വൈശാഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. ദിനേശ്, അസിസ്റ്റന്റ് സെക്രട്ടറി സുരേജ് ബാബു, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.