റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

ദരിദ്രര്‍ ഇല്ലാത്ത കേരളമാണ് ലക്ഷ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം
പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പി ജെ ടി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനംചെയ്തു.ദരിദ്ര്യരില്ലാത്ത കേരളത്തെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു .
അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഉന്നത നിലവാരത്തില്‍ റോഡ് തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജില്ലയില്‍ കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം നല്‍കി നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കി. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു രജി വളയനാട്ട് അധ്യക്ഷയായി. പ്രാദേശികതലത്തില്‍ വികസന ആശയം അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് അംഗം പി എസ് സതീഷ് കുമാര്‍ അവതരിപ്പിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 74 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 965 പഠിതാക്കള്‍ക്കും പരിശീലനം നല്‍കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചു. സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കി. പാലിയേറ്റീവ് കെയറിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 29.49 ലക്ഷം രൂപ വകയിരുത്തി. കിടപ്പുരോഗികള്‍ക്ക് മരുന്നും വൈദ്യസഹായ ഉപകരണങ്ങളും ലഭ്യമാക്കി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിഭാഗത്തില്‍ വാര്‍ധക്യകാല പെന്‍ഷന്‍ 2.64 കോടി രൂപ, വിധവാ പെന്‍ഷനായി 1.28 കോടി രൂപ, ഭിന്നശേഷിക്കാര്‍ക്ക് 45.09 ലക്ഷം രൂപ, കര്‍ഷക തൊഴിലാളികള്‍ക്ക് 9.2 ലക്ഷം രൂപ, , അവിവാഹിതര്‍ക്ക് 4.9 ലക്ഷം രൂപയും വിതരണം ചെയ്തു.
മാലിന്യ സംസ്‌കരണം മേഖലയില്‍ വാതില്‍പ്പടി സേവനം 100 ശതമാനം നേട്ടം കൈവരിച്ചു. 134 കുടുംബശ്രീകള്‍ ഹരിത കുടുംബശ്രീകളായും 15 സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായും 37 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായും പേട്ട ടൗണ്‍ ഹരിത ടൗണ്‍ ആയും പ്രഖ്യാപിച്ചു.
അങ്ങാടിക്കൊരു അടുക്കളത്തോട്ടം, സമഗ്ര വാഴകൃഷി വികസനം, ഇടവിള കൃഷി തുടങ്ങിയ പദ്ധതി നടപ്പിലാക്കി.
പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് 972 കണക്ഷന്‍ നല്‍കി. സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നി ശല്യം തടയാന്‍ ഷൂട്ടര്‍മാരുടെ എംബാന്‍ ലിസ്റ്റ് തയ്യാറാക്കിയത് റാന്നി അങ്ങാടി പഞ്ചായത്താണ്. ഡ്രോണ്‍ ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗം, റെഡ് ചില്ലി വറ്റല്‍ മുളക് കൃഷി, തുടങ്ങിയ ന്യൂതന ആശയങ്ങള്‍ നടപ്പാക്കി. ഹരിതകര്‍മ സേനാംഗങ്ങളെയും ആശ പ്രവര്‍ത്തകരെയും ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
വികസന ചര്‍ച്ചയില്‍ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ജനങ്ങള്‍ ഉന്നയിച്ചു.
സദസിന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴില്‍മേള രജിസ്‌ട്രേഷന്‍, കെ സ്മാര്‍ട്ട് ക്ലിനിക്ക് സേവനം നിരവധി പേര്‍ പ്രയോജനപെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്‌സ്,വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ട്മണ്ണില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി മാത്യൂസ്, കുഞ്ഞുമറിയാമ്മ, ബി സുരേഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഓമന രാജന്‍, പഞ്ചായത്ത് സെക്രട്ടറി ടി ആര്‍ അജി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.