പ്രമാടം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

ചള്ളംവേലിപ്പടി - ഇരപ്പു കുഴി റോഡ്  ഒക്ടോബര്‍ 23 ന് നാടിനു സമര്‍പ്പിക്കും : കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ നിർവഹിച്ചു.ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ച ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ്  ഒക്ടോബര്‍ 23ന് നാടിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏഴു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. നാലു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പ്രമാടം പഞ്ചായത്ത് ഓഫീസ് പടി കൊട്ടി പിള്ളേത്ത് ഐരെത്ത് റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

റോഡ് വികസനത്തില്‍ ഏറ്റവും അധികം രൂപ വിനിയോഗിച്ച പഞ്ചായത്താണ് പ്രമാടം. പൂങ്കാവ്- പത്തനംതിട്ട , പൂങ്കാവ്-കോന്നി , പൂങ്കാവ് -ചന്ദനപ്പള്ളി  എന്നി റോഡുകള്‍ ഉദാഹരണങ്ങളാണ്.  ഗ്രാമപഞ്ചായത്ത് ഭരണസമിതി  അഞ്ചു വര്‍ഷത്തിനുള്ളില്‍ സുതാര്യമായി വികസന പ്രവര്‍ത്തനം നടത്തി. കേരഗ്രാമം പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പുത്തന്‍ ആശയങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കി.


സമാനതകളില്ലാത്ത വികസനം വിദ്യാഭ്യാസ മേഖലയില്‍  സാധ്യമായി. മികച്ച പഠന സൗകര്യം ഒരുക്കി പ്രമാടം എല്‍ പി എസില്‍ പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക ചികിത്സ സൗകര്യങ്ങളോടെ കോന്നിയില്‍ മെഡിക്കല്‍ കോളേജ് സാധ്യമായി. പട്ടിണി മരണവും കര്‍ഷക ആത്മഹത്യയും ഇല്ലാത്ത സംസ്ഥാനമായി ഇന്ത്യയ്ക്ക് മാതൃകയായി കേരളം മാറിയതായും എംഎല്‍എ കൂട്ടി ചേര്‍ത്തു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 41.64 കോടി രൂപയുടെ വികസനം പഞ്ചായത്തില്‍ നടത്തിയതായി അധ്യക്ഷത വഹിച്ച  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത് പറഞ്ഞു.

മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സിഡിഎസ്  പ്രവര്‍ത്തകര്‍, കര്‍ഷകര്‍, തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് പദ്ധതികള്‍ക്കായി സ്ഥലം സൗജന്യമായി നല്‍കിയവരെയും ആദരിച്ചു. റിസോഴ്‌സ് പേഴ്സണ്‍ എന്‍ പ്രകാശ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച്   സെക്രട്ടറി എന്‍. പ്രിയദര്‍ശിനി  അവതരണം നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.

പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം മോഹനന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജി സി. ബാബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി ഹരികൃഷ്ണന്‍, അംഗങ്ങളായ സി കെ തങ്കമണി, ലിജ ശിവപ്രകാശ്, അമൃത സജയന്‍, നിഷ മനോജ്, ഐസിഡിഎസ്  സൂപ്പര്‍വൈസര്‍ എ ലിസ, കൃഷി ഓഫീസര്‍ ആരതി ജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി തുടങ്ങിയവര്‍ പങ്കെടുത്തു.