കരീപ്ര ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

വിഴിഞ്ഞം തുറമുഖ വികസനം കയറ്റുമതിസാധ്യത മെച്ചപ്പെടുത്തും: മന്ത്രി കെ. എന്‍ ബാലഗോപാല്‍
കൊല്ലം കരീപ്ര ഗ്രാമപഞ്ചായത്തിലെ വികസനസദസ് സോപാനം ഓഡിറ്റോറിയത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം തുറമുഖത്തിന്റെവികസനം കേരളത്തിലെ കയറ്റുമതി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു .
നബാര്‍ഡിന്റെ അഞ്ചരക്കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കരീപ്ര പഞ്ചായത്തിലെ നെടുമണ്‍കാവിലുള്ള വ്യാപാരസമുച്ചയവും മത്സ്യമാര്‍ക്കറ്റും ജംഗ്ഷന്റെ മുഖച്ഛായ മാറ്റി. കുഴിമതിക്കാട് സ്‌കൂളിലെ മിനിസ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. വെളിയത്ത് മൈതാനത്തിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും. റോഡും സ്‌കൂളും ആശുപത്രികളും പാലങ്ങളുമായി പശ്ചാത്തലസൗകര്യങ്ങള്‍ അനുദിനം വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ അധ്യക്ഷയായി. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എല്‍.വി റാണി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനരേഖ കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാറിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
കരീപ്ര പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും സൗജന്യമായി രക്തംപരിശോധിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ലാബ്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി കാറ്ററിംഗ് യൂണിറ്റ്, വനിതകള്‍ക്ക് തയ്യല്‍പരിശീലനത്തോടൊപ്പം ഉപകരണങ്ങള്‍നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കി.
ഭിന്നശേഷി വിഭാഗക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി കലാമേള നടത്തി. മുതിര്‍ന്ന പൗരര്‍ക്കായി പകല്‍വീട് പ്രവര്‍ത്തിക്കുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയിലുള്‍പ്പെടുത്തി മാലിന്യംനിക്ഷേപിക്കുന്ന സ്ഥലങ്ങള്‍കണ്ടെത്തി നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചു. സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി 2000 തെങ്ങിന്‍തൈകള്‍ നട്ടു.
പാലിയേറ്റീവ്‌കെയര്‍ പദ്ധതിയിലൂടെ കിടപ്പുരോഗികള്‍ക്ക് മരുന്നുകള്‍, വീല്‍ചെയര്‍, നാപ്കിന്‍, ബെഡ്, ഡോക്ടറുടെ സേവനം എന്നിവ നല്‍കുന്നതിന് പ്രതിവര്‍ഷം 18 ലക്ഷം രൂപയാണ് വകയിരുത്തുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷികയന്ത്രസാമഗ്രികള്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയായ ‘കൃഷിശ്രീ' കരീപ്ര പഞ്ചായത്തിലെ മടന്തകോട് വാര്‍ഡില്‍ നടപ്പാക്കി. കാര്‍ബണ്‍രഹിത പഞ്ചായത്ത് ലക്ഷ്യത്തിനായി വര്‍ധിപ്പിക്കുന്ന ‘സൈക്കിള്‍ പാര്‍ക്ക്' പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കി. ലൈഫ് ഭവന പദ്ധതി വഴി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഭൂമിവാങ്ങാനും വീട്‌നിര്‍മിക്കാനും 9.39 കോടി രൂപയാണ് വിനിയോഗിച്ചത്. അതിദാരിദ്ര്യവിഭാഗത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം നല്‍കി. 27 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വികസനസദസില്‍ അവതരിപ്പിച്ചത്.
മാതൃകാ അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ബി.ഷൈജിത്ത്, കരീപ്ര ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ആര്‍.ദേവ്, അംഗനവാടിക്ക് ഭൂമി വിട്ടുനല്‍കിയവര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവന്‍പിള്ള, പ്രിജി ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം.തങ്കപ്പന്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം എം.ശിവപ്രസാദ്, കരീപ്ര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി.എസ് ഓമനക്കുട്ടന്‍, ആര്‍.ഗീതാകുമാരി, അംഗങ്ങളായ പി.എസ് പ്രശോഭ, എസ്.ഓമനക്കുട്ടന്‍പിള്ള, സന്തോഷ് സാമുവല്‍, പി.ഷീജ, പി.കെ അനില്‍കുമാര്‍, വൈ.റോയി, ആര്‍. സുനിതകുമാരി, സി.ജി തിലകന്‍, സിന്ധു ഓമനക്കുട്ടന്‍, എം ഐ റെയ്ച്ചല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.