'വിഷന്‍ 2031' ആരോഗ്യ സെമിനാർ : പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പാനല്‍ ചര്‍ച്ചകള്‍

post

'വിഷന്‍ 2031' ആരോഗ്യ സെമിനാറിന്റെ ഭാഗമായി  പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച പങ്കാളിത്തത്താല്‍ ശ്രദ്ധ നേടി. പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി. കെ. ജമീല മോഡറേറ്ററായി. 2031 ഓടെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികത്സ നല്‍കണമെന്ന നിര്‍ദേശം പാനലിസ്റ്റ് കൂടിയായ ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടന്‍ പങ്കുവച്ചു. ചികത്സയ്ക്കായി ഓരോ വ്യക്തിയും ചെലവഴിക്കുന്ന തുകയില്‍ ദേശീയ തലത്തില്‍ ആദ്യ സ്ഥാനത്താണ് കേരളം. ചെറിയ അസുഖങ്ങള്‍ക്കുള്ള ആശുപത്രി സന്ദര്‍ശനം, വയോധികരുടെ എണ്ണത്തിലെ വര്‍ധനവ് എന്നിവ ചികത്സ ചെലവ് വര്‍ധിപ്പിച്ചു. ദാരിദ്യ രേഖയ്ക്ക് താഴെയുള്ള എല്ലാവര്‍ക്കും സൗജന്യ ചികത്സ ഉറപ്പാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.

സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ മോഡറേറ്ററായി. എല്ലാത്തരം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും രോഗ നിര്‍മാര്‍ജനത്തിനുമുള്ള ആരോഗ്യവകുപ്പിന്റെ നടപടി പാനലിസ്റ്റുകള്‍ പ്രശംസിച്ചു. 2018 വെള്ളപ്പൊക്കം,  കോവിഡ്  എന്നിവ നിയന്ത്രിച്ചത് സംസ്ഥാനത്തിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാനത്തിന്റെ മികവാണ്.  മലേറിയ, ഫൈലേറിയ, കാലാ അസര്‍ എന്നിവ നിര്‍മാര്‍ജന ഘട്ടത്തിലാണ്.  പകര്‍ച്ചവ്യാധികള്‍ ഐഎച്ച്‌ഐപി പ്ലാറ്റ്‌ഫോമിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശനും ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക്, പ്രമേഹം, രക്തസമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍, സിഒപിഡി വിഷയങ്ങളില്‍ അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജയ്ദീപ് സി മേനോനും മോഡറേറ്ററായി.

 പ്രാഥമികതലത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് കാര്യക്ഷമമായി നടക്കുന്നു. സ്‌ക്രീനിങ്ങിന് വിധേയരായവരെ നേരത്തെ രോഗനിര്‍ണയം നടത്താനാവശ്യമായ സെക്കന്‍ഡറി കെയര്‍ ശാക്തീകരിക്കണം.

ജനങ്ങളില്‍ കാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കണം. കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികല്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്ന് അവബോധം ജനങ്ങളില്‍ ഉണ്ടാകണം. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ കാമ്പയിനിലൂടെ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.  ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ സ്‌കൂള്‍ കരികുലത്തില്‍ ഉള്‍പ്പെടുത്തണം. ജനകീയ ആസൂത്രണം,  സാക്ഷരതാ മിഷന്‍ എന്നിവ പോലുള്ള ജനകീയ മുന്നേറ്റം ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ അനിവാര്യമാണെന്ന് പാനലിസ്റ്റുകള്‍ വ്യക്തമാക്കി.

 മരുന്ന് ഗവേഷണം, ഉല്‍പാദനം, ചികത്സയുടെ ഭാവി വിഷയങ്ങളില്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഡോ. ഷാജി എം വര്‍ഗീസ് മോഡേറ്ററായി. മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളെയും പ്രതിപ്രവര്‍ത്തനങ്ങളെ പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുവാന്‍ ഡ്രഗ് കണ്ട്രോള്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു.

കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകളുടെ സുരക്ഷിതമായ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള വകുപ്പിന്റെ 'എന്‍- പ്രൗഡ്' പദ്ധതി കോഴിക്കോട് വിജയകരമായി പൂര്‍ത്തീകരിച്ചത് സംസ്ഥാന വ്യാപകമായി നടപ്പാക്കണം.  ഗുണനിലവാരമില്ലാത്തതും നിരോധിക്കപ്പെട്ടതുമായ മരുന്നുകള്‍ വിപണിയില്‍ നിന്നും ഒഴിവാക്കാനുള്ള പ്രവര്‍ത്തനം ശക്തമാക്കണം. കമ്മ്യൂണിറ്റി ഫാര്‍മസികള്‍ നാട്ടില്‍ സജീവമാകണം. ആവശ്യത്തിനായി മാത്രം മരുന്ന് ഉപയോഗിക്കാനും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

മെഡിക്കല്‍ ഗവേഷണം, ടെറിഷ്യറി കെയര്‍ ശാക്തീകരണം വിഷയങ്ങളില്‍ ജവഹര്‍ലാര്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാര്‍, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍, ദുരന്ത നിവാരണം വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം വിഷയങ്ങളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദു, ഭക്ഷ്യ സുരക്ഷയില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി എന്നിവര്‍ മോഡറേറ്ററായി.