ശബരിമല സുരക്ഷ യാത്ര സംഘടിപ്പിച്ചു

post

ശബരിമല തിര്‍ത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സുരക്ഷ യാത്ര സംഘടിപ്പിച്ചു. നിലയ്ക്കലില്‍ നിന്ന് സന്നിധാനം വരെ സുരക്ഷാക്രമീകരണം വിലയിരുത്തി. വഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അതാത് സ്ഥലങ്ങളില്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. വഴിയരികിലെ മരത്തടികള്‍ അടിയന്തരമായി മാറ്റണം. തദേശ- വനം വകുപ്പിന്റെ നേതൃത്വത്തില്‍ വഴിയിലെ  കാട് വെട്ടി തെളിക്കും. ശബരിമല പാതയില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. റോഡുകളില്‍ ആവശ്യമെങ്കില്‍ പുതിയ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അപകടരഹിതമായ സാഹചര്യം സൃഷ്ടിക്കാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, റാന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കല്കര്‍ ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സുരക്ഷ യാത്രയില്‍ പങ്കെടുത്തു.