വികസന സദസ്സിന് പത്തനംതിട്ടയിൽ തുടക്കം

ലൈഫ് മിഷനിലൂടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കി: നിയസമഭ ഡെപ്യൂട്ടി സ്പീക്കര്‍
വികസന സദസ്സ് പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിച്ചു.ലൈഫ് മിഷനിലൂടെ എല്ലാവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാരിനായെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 5.5 ലക്ഷം ഭവനരഹിതര്‍ക്ക് വീടൊരുക്കി. സ്ഥലമില്ലാത്തവര്‍ക്ക് ഭൂമി നല്‍കി. ഒപ്പം ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി ഒരുക്കി. അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുടെ പട്ടികവിഭാഗത്തിന്റെ ഉന്നമനം നടപ്പാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, റോഡുകള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി സമസ്ത മേഖലയിലും വിപ്ലവകരമായ വികസനം ഉണ്ടായി. ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാന്‍ കഴിയാത്ത നിര്‍ധനരുടെ വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കി. ജില്ല, സംസ്ഥാന തലങ്ങളിലും സമിതി രൂപീകരിച്ച് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പ്രകാശനം ചെയ്തു. ഭൂരഹിതര്‍ക്ക് പഞ്ചായത്ത് നല്‍കിയ ഭൂമിയുടെ പ്രമാണം കൈമാറി. മികച്ച പ്രവര്‍ത്തനം നടത്തിയ സിഡിഎസിനെ അനുമോദിച്ചു. അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവയ്ക്കായി സ്ഥലം സൗജന്യമായി നല്‍കിയ വ്യക്തികളേയും ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍ വികസന സദസ് നയരേഖ വിശദീകരിച്ചു. റിസോഴ്സ് പേഴ്സണ്‍ കെ. രാധാകൃഷ്ണപിള്ള വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച് സെക്രട്ടറി സി. എസ്. കൃഷ്ണകുമാര്‍ അവതരണം നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു. 300 ലധികം പേര്‍ പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. പി. വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയാ ജോതികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. കെ. ശ്രീകുമാര്‍, അംഗങ്ങളായ കെ. ആര്‍. രഞ്ജിത്ത്, എസ്. ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.