കൊട്ടാരക്കര ഡിപോയിൽ നിന്നും പുതിയ കെഎസ്ആർടിസി സർവീസുകൾ

കൊല്ലം കൊട്ടാരക്കര കെഎസ്ആർടിസി ഡിപോയിൽ നിന്നും പുതുതായി ആരംഭിച്ച സർവീസുകൾ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്ലീപ്പർ, സെമി സ്ലീപ്പർ, എ.സി സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നീ സർവീസുകളാണ് ആരംഭിച്ചത്.
കൊട്ടാരക്കര, കൊല്ലം ഉൾപ്പടെയുള്ള ബസ് സ്റ്റാൻഡുകളിൽ ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. കെ എസ് ആർ ടി സി യിൽ പ്രതിമാസം പെൻഷൻ നൽകുന്നതിന് 73 കോടി രൂപയും ശമ്പളം നൽകുന്നതിനായി 50 കോടി രൂപയും മാറ്റിവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാംഗ്ലൂർ, മൂകാംബിക എന്നിവിടങ്ങളിലേക്കുള്ള രണ്ട് എ സി സീറ്റർ കം സ്ലീപ്പർ, സുൽത്താൻബത്തേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള നാല് നോൺ എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സുകൾ, ബഡ്ജറ്റ് ടൂറിസത്തിനായുള്ള സൂപ്പർ ഡീലക്സ് ബസ്, തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്, കോട്ടയത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ, ടി കെ എം, മുളവന/കൊല്ലം റൂട്ടിലേക്കായി ഓർഡിനറി ബസ് തുടങ്ങിയവയാണ് ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ബസ്സുകൾ.
കൊട്ടാരക്കര മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ എ ഷാജു അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ അഭിലാഷ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.